ന്യൂദല്‍ഹി- വിമാനം പറത്തുന്നതിനിടെ കോക്പിറ്റിലെത്തിയ എയര്‍ ഹോസ്റ്റസിനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ മുതിര്‍ന്ന ഇന്‍ഡിഗോ പൈലറ്റലിനെതിരെ അന്വേഷണം നടന്നു വരുന്നതായി ദല്‍ഹി പോലീസ് അറിയിച്ചു. കോക്പിറ്റിലെ ശബ്ദരേഖയടക്കമുള്ള തെളിവുകള്‍ ശേഖരിച്ചു വരികയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതു നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സഞ്ജീവ് ഭാട്ടിയ അറിയിച്ചു.
സംഭവത്തിലിരയായ ഇന്‍ഡിഗോ ജീവനക്കാരി നല്‍കിയ പരാതി സ്വീകരിച്ച പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോയുടെ ബെംഗളുരു-അമൃത്‌സര്‍- ശ്രീനഗര്‍-ദല്‍ഹി വിമാനത്തില്‍ ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. അതിനിടെ കുറ്റാരോപിതനായ പൈലറ്റ് മുന്‍കൂര്‍ ജാമ്യം തേടി ഏപ്രില്‍ 24-ന് ദല്‍ഹിയിലെ ഒരു കോടതിയെ സമീപിച്ചെങ്കിലും ഇതു കോടതി തള്ളിയതായും പോലീസ് അറിയിച്ചു.
വിമാനം അമൃത്‌സറിലേക്ക് പറക്കുന്നതിനിടെ ചൂടുവെള്ളം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന അതു നല്‍കാനായി കോക്പിറ്റിലേക്ക് പ്രവേശിച്ചപ്പോഴാണ് പൈലറ്റ് കടന്നു പിടിച്ചതെന്ന് ജീവനക്കാരിയുടെ പരാതിയില്‍ പറയുന്നു. വെള്ളം നല്‍കിയ ശേഷം നിരീക്ഷിക്കാനായി അല്‍പം സമയം കോക്പിറ്റില്‍ ജീവനക്കാരി ചെലവിട്ടു. ഇതിനിടെ പൈലറ്റ് ഒരു സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാരി നിരസിച്ചു. ഈ സമയത്താണ് പൈലറ്റ് കടന്നു പിടിച്ചതെന്നും പരാതിയില്‍ പറയുന്നു. ഈ സംഭവം നടക്കുമ്പോള്‍ കോ-പൈലറ്റ് പുറത്ത് വാഷ്‌റൂമില്‍ പോയതായിരുന്നു. പിന്നീട് വിമാനം അമൃത്‌സറില്‍ ഇറങ്ങിയ ശേഷം മൊബൈല്‍ നമ്പര്‍ ചോദിച്ച് പൈലറ്റ് പിന്നാലെ കൂടിയെന്നും ജീവനക്കാരി പരാതിപ്പെട്ടു. പരാതി പരിഗണിച്ചു വരികയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇന്‍ഡിഗോ വക്താവ് പ്രതികരിച്ചു.