ലഖ്‌നൗ- വാരാണസിയില്‍ നരേന്ദ്ര മോഡിക്കെതിരെ സ്ഥാനാര്‍ത്ഥിയായി അജയ് റായിയുടെ പേര് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നില്ല. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ 29 ആണെന്നിരിക്കെ ഈ കഥയില്‍ ഒരു ട്വിസ്റ്റ് ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. വാരാണസി വിഷയം അന്തിമമായിട്ടില്ലെന്ന് യുപിയില്‍ പ്രചാരണ ചുമതലയുള്ള ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രിയങ്കയ്ക്കു പകരം അജയ് റായിയെ പ്രഖ്യാപിച്ചതില്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ നിരാശയുണ്ട്. മത്സരിക്കുമെന്ന് പ്രിയങ്ക തീരുമാനിച്ചാല്‍ നന്നാകും. ഇനിയും സമയമുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ കഥയില്‍ ഒരു ട്വിസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ അതു നാമ നിര്‍ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസമായിരക്കും. ഇതോടെ മോഡിക്ക് മറ്റൊരു സീറ്റ് തേടാനോ മറ്റു തന്ത്രങ്ങള്‍ പയറ്റാനോ സമയവും ലഭിക്കില്ല- നേതാവ് പറയുന്നു.
പ്രിയങ്കയെ മോഡിക്കെതിരെ രംഗത്തിറക്കുകയാണെങ്കില്‍ അത് മോഡിക്കെതിരെ കോണ്‍ഗ്രസ് വലിയ പോരാട്ടം തന്നെ നടത്തുന്നുവെന്ന സന്ദേശം നല്‍കുമായിരുന്നു. രാജ്യത്തുടനീളമുള്ള കോണ്‍ഗ്രസ് അണികള്‍ക്ക് ഇതു ഊര്‍ജം നല്‍കുകയും ചെയ്യുമായിരുന്നുവെന്നും ഒരു കോണ്‍ഗ്രസ് നേതാവ് പറയുന്നു. നിരവധി പാര്‍ട്ടി നേതാക്കളും കോണ്‍ഗ്രസിനെ പിന്തുണക്കുന്ന ഉന്നതരും ഈ നിലപാടിനെ പിന്താങ്ങിയിരുന്നു.
പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി ഇപ്പോഴു വാദിക്കുന്നവര്‍ പറയന്നത് അജയ് റായിയുടെ പേര് ആശക്കുഴപ്പം സൃഷ്ടിക്കുമെങ്കിലും മോഡിയുടെ വ്യാഴാഴ്ചത്തെ റോഡ് ഷോയുടെ ആരവങ്ങള്‍ കെട്ടടങ്ങിയ ശേഷം പ്രിയങ്കയുടെ പേര് പ്രഖ്യാപിച്ചേക്കാമെന്നുമാണ്. ഏതായും പ്രിയങ്കയുടെ വാരാണസി സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്നു വ്യക്തമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തന്ത്രപരമായി മികച്ച തീരുമാനം എന്താകുമെന്നു മാത്രമെ അറിയാനുള്ളൂ. അജയ് റായിയുടെ പേര് പ്രഖ്യാപിച്ചതിനു ശേഷമുള്ള സാഹചര്യങ്ങളും പ്രതികരണങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും നിരീക്ഷിച്ചു വരികയാണ്. മഹാസഖ്യം പിന്തുണയ്ക്കുന്ന പൊതു സ്ഥാനാര്‍ത്ഥി എന്ന സാധ്യത ആരായുന്നതിന് എസ്.പി നേതാവ് അഖിലേഷ് യാദവുമായി ഒരു ചര്‍ച്ചയും നടക്കാനിടയുണ്ട്. ഏതായാലും ഏപ്രില്‍ 29-നു ശേഷം ചിത്രം വ്യക്തമാകും.
പ്രിയങ്കയെ വാരണസിയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം കഴിഞ്ഞ ദിവസം വരെ കോണ്‍ഗ്രസിന്റെ സജീവ പരിഗണനയിലായിരുന്നു. എന്നാല്‍ മണ്ഡലത്തിലെ വോട്ടു കണക്കുകള്‍ കോണ്‍ഗ്രസിന് അനുകൂലമല്ലാത്തതും എസ്പി-ബിഎസ്പി മഹാസഖ്യത്തിന്റെ സാന്നിധ്യവും അടക്കമുള്ള ഘടകങ്ങളാണ് തീരുമാനം മാറ്റാന്‍ കാരണമായതെന്നാണ് സൂചന.