ന്യുദല്‍ഹി- ഒഡീഷയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് വന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പു ചുമതല വഹിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്‍ഡ് ചെയ്ത തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (സി.എ.ടി) റദ്ദാക്കി. ട്രൈബ്യൂണല്‍ ഉത്തരവിനു പിന്നാലെ വ്യാഴാഴ്ച വൈകുന്നേരം തെരഞ്ഞെടുപ്പു കമ്മീഷനും ഈ ഉദ്യോഗസ്ഥനെതിരായ നടപടി പിന്‍വലിച്ചു. ഇരു കക്ഷികളില്‍ നിന്നും ട്രൈബ്യൂണല്‍ മറുപടി തേടുകയും ചെയ്തിട്ടുണ്ട്. എസ്.പി.ജി സുരക്ഷയുള്ളവരെ പരിശോധിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചല്ല കര്‍ണാടക കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിന്‍ പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ തെരഞ്ഞെടുപ്പു വേളയില്‍ ആരേയും പരിശോധനയില്‍ നിന്ന് ഒഴിവാക്കാന്‍ ചട്ടമില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു.
സസ്‌പെന്‍ഷന്‍ റദ്ദാക്കിയതോടെ 1996 കര്‍ണാടക ബാച് ഐഎഎസ് ഉദ്യോഗസ്ഥനായ മുഹ്‌സിനോട് തിരികെ കര്‍ണാടക സര്‍ക്കാരില്‍ റിപോര്‍ട്ട് തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജോലിയില്‍ വീഴ്ച വരുത്തിയെന്ന നിലപാടില്‍ കമ്മീഷന്‍ ഉറച്ചു നില്‍ക്കുകയും നടപടി എടുക്കണമെന്ന് കര്‍ണാകട സര്‍ക്കാരിനോട് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എസ്.പി.ജി സുരക്ഷയുള്ളവര്‍ക്ക് എന്തിനും ഏതിനും അര്‍ഹരാണ് എന്നു പറയാനാവില്ലെന്ന് സസ്‌പെന്‍ഷന്‍ റദ്ദാക്കിക്കൊണ്ട് ട്രൈബ്യൂണല്‍ വ്യക്തമാക്കി. കര്‍ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ സ്വകാര്യ വാഹനങ്ങള്‍ ഒന്നിലേറെ തവണയും ഒഡീഷ മുഖ്യമന്ത്രിയുടെ വാഹനങ്ങളും തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ റാലിക്കെത്തി മോഡിയുടെ ഹെലികോപ്റ്ററില്‍ നിന്നും കറുത്ത പെട്ടി പുറത്തെടുത്ത് ഒരു സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോയതും ട്രൈബ്യൂണല്‍ പരാമര്‍ശിച്ചു. ഇതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു തുടര്‍ നപടിയും ഉണ്ടായിട്ടില്ലെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.
ഒഡീഷയിലെ സംബല്‍പൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പൊതു നിരീക്ഷകനായി ജോലി ചെയ്യവെയാണ് കഴിഞ്ഞയാഴ്ച ഇവിടെ വന്നിറങ്ങിയ മോഡിയുടെ ഹെലികോപ്റ്റര്‍ മുഹമ്മദ് മുഹ്‌സിന്‍ അടിയന്തര പരിശോധന നടത്തിയത്. ഈ നടപടിയെ തുടര്‍ന്ന് പ്രധാനമന്ത്രി 15 മിനിറ്റ് വൈകി. തുടര്‍ന്ന് ജോലിയില്‍ വീഴ്ച വരുത്തി എന്നാരോപിച്ചാണ് മുഹ്‌സിനെ കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇത് വിവാദമായി. ഏതു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടമാണ് ഉദ്യോഗസ്ഥന്‍ ലംഘിച്ചതെന്ന് കമ്മീഷന്‍ വ്യക്തമാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. എസ്പിജി സുരക്ഷയുള്ളവര്‍ക്ക് പരിശോധന വേണ്ടെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നുവെന്നാണ് ഇതിനു കമ്മീഷന്‍ നല്‍കിയ മറുപടി. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്ന വിവരവും കണ്ടുപിടിക്കപ്പെട്ടു. ഇല്ലാത്ത നിര്‍ദേശത്തിന്റെ പേരിലാണോ ഐഎഎസ് ഉദ്യോസ്ഥനെതിരെ നടപടി എടുത്തതെന്ന ചോദ്യത്തിന് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരം നല്‍കിയിട്ടില്ല.