Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഓഫര്‍ തട്ടിപ്പുകള്‍ക്ക് തടയിടാന്‍ നടപടി; അരലക്ഷം റിയാല്‍വരെ പിഴ

റിയാദ് - ഓഫർ പ്രഖ്യാപിക്കുന്നതുമായും വാണിജ്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നതുമായും ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കുന്നവർക്ക് 50,000 റിയാൽ വരെ പിഴയും ആറു മാസം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വിശുദ്ധ റമദാൻ സമാഗതമാകാറായതോട് അനുബന്ധിച്ചാണ് ഓഫർ വ്യവസ്ഥകൾ ലംഘിക്കുന്നതിനെതിരെ മന്ത്രാലയം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്.  വിശുദ്ധ റമദാനിൽ ഓഫർ പ്രഖ്യാപിക്കുന്നതിന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിൽ നിന്ന് മുൻകൂട്ടി അനുമതി നേടിയിരിക്കണമെന്ന് കിഴക്കൻ പ്രവിശ്യ വാണിജ്യ, നിക്ഷേപ മന്ത്രാലയ ശാഖാ മേധാവി അബ്ദുൽ അസീസ് അൽഖാലിദി പറഞ്ഞു. അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് വ്യാപാരികളുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തയാഴ്ച മുതൽ റമദാൻ ഓഫറുകൾക്ക് ലൈസൻസ് അനുവദിച്ചു തുടങ്ങും. ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് റെക്കോർഡ് സമയത്തിനകം ലൈസൻസ് അനുവദിക്കും. ഇപ്പോൾ ഓഫറുകൾക്ക് ഒരു ദിവസത്തിനകം ലൈസൻസ് അനുവദിക്കുന്നുണ്ട്. നേരത്തെ ഇതിന് പതിനഞ്ചു ദിവസം വരെ എടുത്തിരുന്നു. നേരത്തെ ഓഫറുകൾക്കുള്ള ലൈസൻസിന് ചേംബർ ഓഫ് കൊമേഴ്‌സുകൾക്കാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. ഇപ്പോൾ ഓൺലൈൻ വഴി മന്ത്രാലയത്തിന് നേരിട്ടാണ് അപേക്ഷകൾ നൽകേണ്ടത്. 
50 ശതമാനത്തിൽ കുറയാത്ത ഉൽപന്നങ്ങൾക്ക് ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് വർഷത്തിൽ മൂന്നു തവണയും മുഴുവൻ ഉൽപന്നങ്ങൾക്കും ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് കൊല്ലത്തിൽ മൂന്നു തവണയുമാണ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നത്. ഇതിനു പുറമെ സ്ഥാപനങ്ങൾ വിറ്റ് കാലിയാക്കുന്നതിന് ആഗ്രഹിക്കുന്നവർക്കും ഓഫർ പ്രഖ്യാപിക്കുന്നതിന് ലൈസൻസ് അനുവദിക്കും. റമദാൻ, പെരുന്നാളുകൾ, ദേശീയ ദിനം, മധ്യവർഷാവധി, അധ്യയന വർഷാന്ത്യ അവധി പോലുള്ള പ്രത്യേക സീസണുകളിൽ ഓഫറുകൾ പ്രഖ്യാപിക്കുന്നതിനും ലൈസൻസുകൾ അനുവദിക്കും. ഓഫർ കാലാവധി ഒരു തവണ ദീർഘിപ്പിക്കുന്നതിനും വ്യാപാരികൾക്ക് സാധിക്കും. 
മന്ത്രാലയത്തിൽ നിന്നുള്ള ലൈസൻസില്ലാതെ ഓഫറുകൾ പ്രഖ്യാപിക്കുന്നതിനും ഓഫറുകളെ കുറിച്ച് പരസ്യം ചെയ്യുന്നതിനും വിലക്കുണ്ട്. ഓഫർ ലൈസൻസ് കോപ്പി സ്ഥാപനത്തിൽ എളുപ്പത്തിൽ കാണുന്ന നിലക്ക് പ്രദർശിപ്പിക്കൽ നിർബന്ധമാണ്. ഓഫറിനു മുമ്പും ശേഷവുമുള്ള വിലകൾ ഉൽപന്നങ്ങളിൽ രേഖപ്പെടുത്തൽ നിർബന്ധമാണെന്നും അബ്ദുൽ അസീസ് അൽഖാലിദി പറഞ്ഞു.
 

Latest News