വടകര- തിക്കോടി കോടിക്കൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ കടലിൽ അകപ്പെട്ടു. ഒരാളെ നാട്ടുകാർ രക്ഷിച്ചു. പള്ളി വളപ്പിൽ റാഫിയുടെ മകൻ റാഹിബ് (17) എന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ചത്.
തിക്കോടി മുസ്തഫയുടെ മകൻ മുഹ്സിൻ (17) എന്ന കുട്ടിക്ക് വേണ്ടി തിരച്ചിൽ തുടരുന്നു.കൊയിലാണ്ടി ഫയർസ്റ്റേഷനിലെ സേനാംഗങ്ങളും മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഏറെ വൈകിയിട്ടും കണ്ടെത്താനായില്ല. താഹസിൽദാർ, കൊയിലാണ്ടി പൊലീസ്, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. കടലിലെ രൂക്ഷമായ തിരമാലകൾ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ അറിയിച്ചു.