ന്യൂദൽഹി- സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്കെതിരേ മുൻ കോടതി ജീവനക്കാരി ഉയർത്തിയ ലൈംഗീക ആരോപണ പരാതിയിൽ അന്വേഷണത്തിന് നിയോഗിച്ച സമിതിയിൽനിന്ന് ജസ്റ്റിസ് എൻ.വി രമണ ഒഴിവായി. ഇന്നലെ രാത്രിയാണ് സമിതിയിൽനിന്ന് ഒഴിവാകുന്നതായി ചൂണ്ടിക്കാട്ടി എൻ.വി രമണ കത്ത് നൽകിയത്. ചീഫ് ജസ്റ്റിസ് തന്റെ കുടുംബ സുഹൃത്ത് കൂടിയാണെന്നും ഈ സഹചര്യത്തിൽ അന്വേഷണസമിതിയിൽ ഇരിക്കുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിട്ടുനിൽക്കുന്നത്. എൻ.വി രമണ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ പരാതി ഉന്നയിച്ച സ്ത്രീ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. എൻ.വി രമണ തീരുമാനത്തെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ് സ്വാഗതം ചെയ്തു.
2014 മേയിനും 2018 ഡിസംബറിനും ഇടയിൽ ജൂനിയർ അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന യുവതിയാണ് ചീഫ് ജസ്റ്റീസിനെതിരേ ആരോപണം ഉന്നയിച്ചത്. ഒക്ടോബർ 10,11 തീയതികളിൽ ചീഫ് ജസ്റ്റീസിന്റെ വസതിയിൽ വെച്ച് തനിക്കു നേർക്ക് അപമര്യാദയോടെയുള്ള പെരുമാറ്റം ഉണ്ടായി എന്നാണ് ഇവരുടെ ആരോപണം. വഴങ്ങാത്തതിനെ തുടർന്ന് തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു എന്നും ഭർത്താവിനും കുടുംബാംഗങ്ങൾക്കും എതിരെ പ്രതികാര നടപടിയെന്നും യുവതി ആരോപിക്കുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആണ് 22 സുപ്രീംകോടതി ജഡ്ജിമാർക്കു യുവതി പരാതി അയച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനും ഡൽഹി പോലീസ് കമ്മീഷണർ അമൂല്യ പട്‌നായിക്കിനും ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അറിവുണ്ടായിരുന്നു എന്നും യുവതി ജഡ്ജിമാർക്ക് അയച്ച 30 പേജുള്ള പരാതിയിൽ പറയുന്നു.