Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയിലെ ചാവേറുകളില്‍ അതിസമ്പന്നരും

കൊളംബോ- ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞു. കൂട്ടത്തില്‍ ഒരാള്‍ സ്ത്രീയാണ്. ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ ശ്രീലങ്കയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിലെ സഹോദര•ാരാണെന്ന് പൊലീസ് കണ്ടെത്തി. സ്‌ഫോടനങ്ങള്‍ നടക്കുന്നതിന് ഏതാനും സമയം മുന്‍പുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇല്‍ഹാം ഇബ്രാഹിം, ഇന്‍ഷാഫ് എന്ന സഹോദര•ാരായിരുന്നു ചാവേറുകളായ എട്ട്‌പേരില്‍ രണ്ടുപേര്‍. ഇവരിലൊരാള്‍ ഇംഗ്ലണ്ടിലും, ഓസ്‌ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
കൊളോസസ്സ് എന്ന പേരിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ചെമ്പുനിര്‍മാണ ഫാക്ടറിയാണ് സ്‌ഫോടന പരമ്പരകള്‍ക്ക് ബോംബ് നിര്‍മിക്കാനുള്ള സുരക്ഷിത ഇടമായി പ്രവര്‍ത്തിച്ചത്. ഇവിടെ നിര്‍മിച്ച സ്റ്റീല്‍ ബോള്‍ട്ടുകളും, സ്‌ക്രൂകളും മറ്റുമാണ് ബോംബുകളില്‍ സ്‌ഫോടകവസ്തുക്കള്‍ക്കൊപ്പം നിറച്ചത്. ഈ വസതുക്കളായിരുന്നു നിരപരാധികളായ നൂറുകണക്കിന് മനുഷ്യരുടെ ദേഹത്ത് തുളച്ചുകേറിയതും.
ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊളംബോയിലെ ഡമാറ്റാഗോഡയിലുള്ള ഇബ്രാഹിം കുടുംബത്തിന്റെ വീട് പൊലീസ് റെയ്ഡ് ചെയ്തു. റെയ്ഡിനെ തുടര്‍ന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഇല്‍ഹാമിന്റെ ഗര്‍ഭിണിയായ ഭാര്യ ഫാത്തിമ, വീട്ടില്‍ സൂക്ഷിച്ചിരുന്ന ബോംബ് പൊട്ടിക്കുകയായിരുന്നു. ഗര്‍ഭിണിയായ ഫാത്തിമയും അവരുടെ മൂന്ന് കുട്ടികളും, റെയ്ഡ് നടത്താന്‍ എത്തിയ പൊലീസ് ഇന്‍സ്‌പെക്ടറും രണ്ടു കോണ്‍സ്റ്റബിള്‍മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു.
ചാവേറുകളായ സഹോദര•ാരുടെ പിതാവും ശ്രീലങ്കയിലെ അതിസമ്പന്നനും സുഗന്ധ വ്യഞ്ജന വ്യാപാരിയുമായ മുഹമ്മദ് ഇബ്രാഹിമിനെ അന്വേഷണ വിധേയമായി പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ സാധുക്കളെ സഹായിക്കുന്ന കാര്യത്തില്‍ മുഹമ്മദ് മുന്‍പന്തിയിലാണെന്നും അയല്‍ക്കാര്‍ പറഞ്ഞു. 

Latest News