Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിനെതിരായ പരാതിയിൽ ഗൂഢാലോചന: അന്വേഷിക്കാൻ ഉത്തരവ്

ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായ ലൈംീക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം പരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവ്. സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് എ കെ പട്‌നായിക് അന്വേഷണത്തിന് നേതൃത്വം വഹിക്കും. അന്വേഷണത്തിന് സി.ബി.ഐ ഡയറക്റ്റർ, ഇന്റലിജൻസ് ബ്യുറോ മേധാവി, ദൽഹി പോലീസ് കമ്മീഷണർ എന്നിവരുടെ സഹായം ജസ്റ്റിസ് പട്‌നായിക്കിന് തേടാം. അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ ജസ്റ്റിസ് പട്‌നായിക് കോടതിക്ക് കൈമാറണം
പരാതിക്ക് പിന്നിൽ സുപ്രീം കോടതിയിൽ നിന്ന് പിരിച്ചു വിട്ട മൂന്ന് ജീവനക്കാരും, ഒരു കോർപറേറ്റ് ഹൗസും ആണെന്ന് ആരോപിച്ച് അഭിഭാഷകൻ ഉത്സവ് സിംഗ് ബയൻസ് സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു. ജസ്റ്റിസ് മാരായ അരുൺ മിശ്ര, റോഹിങ്ടൻ നരിമാൻ, ദീപക് ഗുപ്ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ചീഫ് ജസ്റ്റിസിനെ രാജിവെപ്പിക്കാൻ രാജ്യത്തെ ഒരു പ്രമുഖ കോർപറേറ്റ് സ്ഥാപനമാണ് ലൈംഗിക ആരോപണത്തിന് പിന്നിലെന്നും ഉത്സവ് സിംഗ് ബയൻസ് ആരോപിച്ചിരുന്നു. ഇതിനായി ചിലർ തന്നെ സമീപിച്ചിരുന്നെന്നും ഒന്നര കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും അദ്ദേഹം വെളിപ്പെടുത്തി. 
പണം വാങ്ങി സുപ്രീം കോടതിയിലെ കേസുകളെ സ്വാധീനിക്കുന്ന സംഘമാണ് ആരോപണത്തിന് പിന്നിലെന്നാണ് ഉത്സവിന്റെ വാദം. കോടതിയിൽനിന്ന് അനുകൂല ഉത്തരവുകൾ ലഭിക്കാൻ ചില കോർപറേറ്റുകൾ റൊമേഷ് ശർമ്മ എന്ന ഇടനിലക്കാരൻ വഴി ശ്രമം നടത്തിയെന്നും ചീഫ് ജസ്റ്റിസ് വഴങ്ങാതെ വന്നപ്പോൾ ലൈംഗിക ആരോപണം ഉന്നയിച്ച് രാജിവെപ്പിക്കാൻ ശ്രമം നടത്തിയെന്നും സത്യവാങ്മൂലത്തിൽ വിവരിക്കുന്നു. 
ഇക്കാര്യത്തിൽ അദ്ദേഹം ചില തെളിവുകളും കോടതിയിൽ സമർപ്പിച്ചു. തുടർന്ന് ഇദ്ദേഹത്തിന് മതിയായ സുരക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസിന് എതിരായ ആരോപണമല്ല, മറിച്ച് അതിന് പിന്നിലെ ഗൂഢാലോചനയാണ് അന്വേഷിക്കുന്നത് എന്നും സുപ്രീം കോടതി വ്യക്തമാക്കി.

Latest News