ജനീവ- മുപ്പതു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത ലോകത്തെ ആദ്യത്തെ മലേറിയ പ്രതിരോധ വാക്‌സിന്‍ ആഫ്രിക്കയിലെ മലാവിയില്‍ ഉപയോഗിച്ചു തുടങ്ങി. ആര്‍ടിഎസ്എസ് എന്നാണ് മലേറിയ പ്രതിരോധ വാക്‌സിന്‍ അറിയപ്പെടുന്നത്. 2 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് വാക്‌സിന്‍ ലഭ്യമാകുക.ആഫ്രിക്കയിലെ ഘാന, കെനിയ എന്നിവിടങ്ങളിലും പതിരോധ വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പ്രതിവര്‍ഷം 4.35 ലക്ഷം പേരാണ് ലോകത്ത് മലേറിയ ബാധിച്ചു മരണപ്പെടുന്നത്. ഇതില്‍ ഏകദേശം രണ്ടര ലക്ഷത്തിലേറെ പേര്‍ ആഫ്രിക്കയിലാണ്.2016 ല്‍ ഇന്ത്യയില്‍ 331 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്.
വാക്‌സിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയപ്പോള്‍, പത്തില്‍ നാലു പേരുടെ രോഗം പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം തന്നെ മൂന്ന് രാജ്യങ്ങളിലായി 3.60 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കും. 9 മാസത്തിനിടെ 3 ഡോസും, 2 വയസ്സിന് മുന്‍പ് അവസാന ഡോസുമായി മൊത്തം 4 ഡോസ് കുത്തിവെയ്പാണ് നല്‍കുന്നത്.