റിയാദ് - കഴിഞ്ഞ ഞായറാഴ്ച രാവിലെ നാലംഗ ഭീകര സംഘം ആക്രമണം നടത്തുന്നതിന് ശ്രമിച്ച സുൽഫി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സെന്റർ റിയാദ് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ സന്ദർശിച്ചു. ഭീകരാക്രമണ ശ്രമത്തിനിടെയുണ്ടായ കേടുപാടുകൾ ഗവർണർ വീക്ഷിച്ചു. ഇതിനു ശേഷം സുൽഫി ഗവർണറുടെ സാന്നിധ്യത്തിൽ റിയാദ് പ്രവിശ്യ ഇൻവെസ്റ്റിഗേഷൻ വിഭാഗം മേധാവിയുമായി ഡെപ്യൂട്ടി ഗവർണർ ചർച്ച നടത്തി.
തീവ്രവാദികളെയും ഭീകരരെയും രാജ്യം ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടുമെന്ന് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ പറഞ്ഞു. രാജ്യരക്ഷ കാത്തുസൂക്ഷിക്കുന്നതിലും ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തുന്നതിലും സ്തുത്യർഹമായ നിലക്ക് കർത്തവ്യം നിർവഹിച്ച സുൽഫിയിലെയും റിയാദിലെയും സുരക്ഷാ വകുപ്പുകൾക്ക് ഡെപ്യൂട്ടി ഗവർണർ നന്ദി പറഞ്ഞു. സുൽഫി പോലീസ് സ്റ്റേഷനും പിന്നീട് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ സന്ദർശിച്ചു.