ഈ വർഷം ആദ്യ പാദത്തിൽ 2780 കോടി റിയാൽ മിച്ചം
റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ സൗദി അറേബ്യ 2780 കോടി റിയാൽ ബജറ്റ് മിച്ചം നേടിയതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. റിയാദ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ ദ്വിദിന ധനമേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
2014 നു ശേഷം ആദ്യമായാണ് സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിൽ പെട്രോളിതര മേഖലയുടെ സംഭാവന 50 ശതമാനത്തിലധികമായി ഉയർന്നിട്ടുണ്ട്. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായാണ് പെട്രോളിതര മേഖലയുടെ സംഭാവന 50 ശതമാനം കവിയുന്നത്. വരും വർഷങ്ങളിലും സൗദി അറേബ്യ സാമ്പത്തിക വളർച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തി.
കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ വർഷം ആദ്യ പാദത്തിൽ മൊത്തം പൊതുവരുമാനം 48 ശതമാനം തോതിൽ വർധിച്ചു. പൊതുധന വിനിയോഗം എട്ടു ശതമാനം തോതിൽ ഉയർന്നു. 2014 ആദ്യ പാദത്തിലെ പെട്രോളിതര വരുമാനത്തെ അപേക്ഷിച്ച് ഈ കൊല്ലം ആദ്യ പാദത്തിൽ പെട്രോളിതര വരുമാനം മൂന്നിരട്ടി വർധിച്ചു. ഈ കൊല്ലം ജനുവരി, ഫെബ്രുരി, മാർച്ച് മാസങ്ങളിൽ പെട്രോളിതര മേഖലാ വരുമാനം 7600 കോടി റിയാലാണ്. ഈ വർഷം പെട്രോളിതര മേഖലയിൽ 2.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ അടക്കമുള്ള സ്വകാര്യ മേഖലയുടെ വളർച്ചക്ക് പിന്തുണ നൽകുന്നതിന് 1250 കോടി റിയാലിന്റെ പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിക്കും.
ബജറ്റ് കമ്മി കുറക്കുന്നതിനും പൊതുധന വിനിയോഗ കാര്യക്ഷമത ഉയർത്തുന്നതിനും ഗവൺമെന്റ് നടപ്പാക്കിയ പുതിയ നയങ്ങൾ സഹായകമായി. ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ശ്രദ്ധേയമായ വളർച്ചയുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഈ മേഖലയിൽ ശരാശരി 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി.
മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ പത്തു ശതമാനം ധന, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, ബിസിനസ് സേവന മേഖലയുടെ പങ്കാണ്. സാമ്പത്തിക വളർച്ചക്ക് സഹായകമായ പിന്തുണകളും പ്രോത്സാഹനങ്ങളും നൽകുകയും പൊതുധന വിനിയോഗ കാര്യക്ഷമത ഉയർത്തുകയും ചെയ്തതിലൂടെ കഴിഞ്ഞ കൊല്ലം ബജറ്റ് കമ്മി മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 5.9 ശതമാനമായി കുറക്കുന്നതിന് സാധിച്ചു.
വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നതിന് സാധിക്കുന്ന നിലക്ക് ധനമേഖല ശക്തമായി തുടരും. സൗദി ധന വിപണിയിലെ വിശ്വാസം ശക്തമാക്കുന്നതിന് സഹായകമായ പരിഷ്‌കരണങ്ങളും നവീകരണങ്ങളും തുടരും. 2030 ഓടെ ലോകത്തെ ഏറ്റവും വലിയ പത്തു ധന വിപണികളിൽ ഒന്നായി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിനാണ് ശ്രമം. സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി മുപ്പതു വർഷ കാലാവധിയുള്ള ബോണ്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. മുപ്പതു വർഷ കാലാവധിയുള്ള 900 കോടിയിലേറെ റിയാലിന്റെ ബോണ്ടുകളാണ് പുറത്തിറക്കിയത്. സൗദിയിൽ പുതുതായി ഒരു വിദേശ ബാങ്കിനു കൂടി ഈയാഴ്ച മന്ത്രിസഭ ലൈസൻസ് നൽകിയിട്ടുണ്ട്. ക്രെഡിറ്റ് സൂയിസെ ബാങ്കിനാണ് പുതുതായി ലൈസൻസ് അനുവദിച്ചത്. സൗദിയിൽ ഇൻഷുറൻസ് മേഖലയുടെ വികസനത്തിന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റിയുമായി സഹകരിച്ച് ധനമന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.