ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റ വെബ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി. സാങ്കേതിത തകരാറാണ് കാരണമെന്ന വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടത്തിയ പ്രസംഗത്തിൽ മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്കും ബലാകോട്ട് വ്യോമാക്രമണത്തിൽ പങ്കെടുത്ത സൈനികർക്കും വോട്ട് സമർപ്പിക്കണമെന്നുള്ള മോഡിയുടെ പ്രസംഗമായിരുന്നു പരാതിക്ക് അടിസ്ഥാനം.
ഇതുവരെ 426 പരാതികളാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇത്തരത്തിൽ ലഭിക്കുന്ന പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാറുമുണ്ട്. ഇതിൽ നിന്നാണ് മോഡിക്കെതിരായ പരാതി കാണാതായത്.
കൊൽക്കത്ത സ്വദേശിയായ മഹേന്ദ്ര സിംഗാണ് ഏപ്രിൽ ഒമ്പതിന് മോഡിക്കെതിരായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയത്. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷൻ മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പിന്നീട് വെബ് സൈറ്റിൽ പരാതി പരിശോധിച്ചപ്പോൾ പരിഹരിക്കപ്പെട്ടു എന്ന മറുപടിയാണ് ലഭിക്കുന്നതെന്നും മഹേന്ദ്ര സിംഗ് പറയുന്നു.