അസീർ- സുഹൃത്തിന് ഇന്റർനെറ്റ് വൈ ഫൈ ഷെയർ ചെയ്ത് കുരുക്കിലായ ഇന്ത്യക്കാരൻ ജയിൽ മോചിതനായി നാട്ടിലെത്തി. ഗുജറാത്ത് സ്വദേശി റഹ്മത്തുള്ള അൻസാരിയാണ് നാട്ടിലെത്തിയത്.
റഹ്മത്തുള്ള അൻസാരിയുടെ പേരിലുള്ള ഇന്റർനെറ്റ് കണക്ഷനിൽനിന്ന് വൈ ഫൈ സൗകര്യം പങ്കു വെച്ച സുഹൃത്ത് നടത്തിയ നിയമ വിരുദ്ധ ഇന്റർനെറ്റ് ഇടപെടലുകൾ ആണ് റഹ്മത്തുള്ളയുടെ അറസ്റ്റിലേക്ക് നയിച്ചത്. ഖമീസ് മുശൈത്ത് അൽ മുബാറക്കി ബിൽഡിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന റഹ്മത്തുള്ള അൻസാരി സൗദി ടെലികോം കമ്പനിയുടെ ഇന്റർനെറ്റ് കണക്ഷൻ എടുത്തിരുന്നു. ഒപ്പം താമസിക്കുന്ന സുഹൃത്തായ മറ്റൊരു ഇന്ത്യക്കാരനും ഇതേ കണക്ഷൻ ആണ് ഉപയോഗിച്ചു കൊണ്ടിരുന്നത്.
നെറ്റ് കണക്ഷനിൽ നിന്ന് നിരോധിത സൈറ്റുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ നിരീക്ഷക സംഘം അക്കൗണ്ട് ഉടമയായ റഹ്മത്തുള്ളയെ കസ്റ്റഡിയിൽ എടുത്തു. മറ്റൊരാൾ കൂടി ഇതേ കണക്ഷൻ ഉപയോഗിക്കുന്നതായി റഹ്മത്തുള്ള സുരക്ഷാ ഉദ്യേഗസ്ഥരെ അറിയിച്ചു. എന്നാൽ ആൾ അവധിയിൽ നാട്ടിൽ ആയിരുന്നതിനാൽ തുടർ അന്വേഷണം സാധ്യമായില്ല. നാട്ടിൽ നിന്ന് വിവരങ്ങൾ അറിഞ്ഞ സുഹൃത്ത് പിന്നീട് തിരിച്ചു വന്നതുമില്ല. ഇതോടെ കുറ്റം റഹ്മത്തുള്ളയുടെ ചുമലിലായി.
രാജ്യ സുരക്ഷയെ ബാധിക്കുന്നതും സഭ്യമല്ലാത്തതുമായ കാര്യങ്ങൾ ഈ ഇന്റർനെറ്റ് കണക്ഷനിൽ നിന്ന് കണ്ടുവെന്ന കുറ്റത്തിന്
ഖമീസ് മുഷൈത്ത് ക്രിമിനൽ കോടതി പ്രതിക്ക് അഞ്ച് മാസം തടവും മൂവായിരം റിയാൽ പിഴയും വിധിച്ചു.
ആരും സഹായത്തിനില്ലാതെ ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്നു റഹ്മത്തുള്ള. വിവരം അറിഞ്ഞ് സി.സി.ഡബ്ല്യൂ.എ അംഗവും ഇന്ത്യൻ സോഷ്യൽ ഫോറം എക്‌സിക്യൂട്ടീവ് മെമ്പറുമായ സൈദ് മൗലവി അരീക്കോട് ജയിൽ സന്ദർശിച്ച് പ്രശ്‌നത്തിൽ ഇടപെട്ടു. വിധി പ്രസ്താവിച്ച ഖമീസ് ക്രിമിനൽ കോടതിൽ എത്തി ഫയൽ പരിശോധിച്ച് റഹ്മത്തുള്ളയുടെ കമ്പനിയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ബോധ്യപ്പെടുത്തി. പിഴയായ മൂവായിരം റിയാൽ കമ്പനി അടക്കാൻ തയ്യാറായി. റഹ്മത്തുള്ളയുടെ പാസ്‌പോർട്ടും ടിക്കറ്റും കമ്പനിയിൽ നിന്ന് ലഭ്യമാക്കിയതോടെ ജയിൽ അധികൃതർ കഴിഞ്ഞ ദിവസം റഹ്മത്തുള്ളയെ നാട്ടിലേക്ക് കയറ്റിവിട്ടു.
ഇന്റർനെറ്റ് കണക്ഷൻ മറ്റുള്ളവർക്ക് ഷെയർ ചെയ്യുമ്പോൾ അവർ ചെയ്യുന്ന അനധികൃത പ്രവർത്തനങ്ങൾക്ക് ഉത്തരം പറയേണ്ടത് കണക്ഷൻ ഉടമ ആയിരിക്കുമെന്നും, അത് ഗുരുതരമായ നിയമ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും അതീവ ശ്രദ്ധ ഇക്കാര്യത്തിൽ വേണമെന്നും സൈദ് മൗലവി അരീക്കോട് പറഞ്ഞു.