ജിദ്ദ - ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ ഇന്ന് സൗദി സന്ദർശിക്കുമെന്ന് തുർക്കി വിദേശ മന്ത്രി മെവ്‌ലുത് കവുസോഗ്‌ലു അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് തുർക്കി പ്രസിഡന്റ് ദോഹ സന്ദർശിച്ചിരുന്നു. ഖത്തർ പ്രതിസന്ധിയിൽ തുർക്കി നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദേശ മന്ത്രി പറഞ്ഞു. പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങളുമായി തുർക്കി മുന്നോട്ടു പോവുകയാണ്. ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങൾക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നേതൃത്വം നൽകുമെന്നാണ് തുർക്കി പ്രതീക്ഷിക്കുന്നതെന്നും വിദേശ മന്ത്രി പറഞ്ഞു.
അതേസമയം, ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ ബന്ധങ്ങൾ അയൽ രാജ്യങ്ങൾ വിഛേദിച്ചത് മാധ്യമ ഗുസ്തിയല്ലെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശ് പറഞ്ഞു.
ഖത്തർ തീവ്രവാദത്തിനും ഭീകര വാദത്തിനും പിന്തുണ നൽകുന്നതാണ് പ്രശ്‌നത്തിന്റെ മർമം. ഇതിന് ഖത്തർ പരിഹാരം കാണണം. ഖത്തറിന്റെ നിഷേധാത്മക പ്രവർത്തനങ്ങളുടെയും നിലപാടുകളുടെയും പട്ടിക നീണ്ടതാണ്. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ഫലമില്ല. അയൽവാസിയെയും ബന്ധുവിനെയും നഷ്ടപ്പെടുത്തി വിദൂരത്തുള്ളവരും രാഷ്ട്രീയ കക്ഷിയും തീവ്രവാദിയും ഭീകരവാദിയും സഹായിക്കുമെന്ന് ധരിക്കുന്ന മായാലോകത്താണ് ഖത്തർ സഞ്ചരിക്കുന്നത്. ഖത്തർ നടത്തുന്ന നയതന്ത്ര, മാധ്യമ കാമ്പയിനുകൾ പ്രശ്‌നം പരിഹരിക്കില്ല. ഖത്തറിന്റെ നിലവിലെ രാഷ്ട്രീയ നിലപാടുകളുടെ ദോഷം ഏറെ വലുതാണ്. തീവ്രവാദികളും ഭീകരരുമായുള്ള ഖത്തറിന്റെ ബന്ധം ഒരിക്കലും ഉൾക്കൊള്ളാനാവില്ല. ഈ ശൈലി ഖത്തർ മാറ്റണമെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു.