60 പേര്‍ അറസ്റ്റില്‍, 32 പേരെ ചോദ്യം ചെയ്യുന്നു
കൊളംബോ- ഈസറ്റര്‍ ഞയാറാഴ്ച ശ്രീലങ്കയിലെ മൂന്ന് ചര്‍ച്ചുകളിലും മൂന്ന് ഹോട്ടലുകളിലും പൊട്ടിത്തെറിച്ച ചാവേറുകളില്‍ ഒരാള്‍ ബ്രട്ടനില്‍ പഠിച്ചയാളാണെന്ന് വ്യക്തമായി. യു.കെയില്‍ പഠിച്ച ഇയാള്‍ ഓസ്‌ട്രേലിയയില്‍നിന്ന് ബിരുദാനന്തര ബിരുദമെടുത്ത ശേഷമാണ് ശ്രീലങ്കയിലേക്ക് മടങ്ങിയതെന്ന് ശ്രീലങ്കന്‍ പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ വെളിപ്പെടുത്തി. ചാവേറുകളായി മാറിയ എല്ലാവരും ഉയര്‍ന്ന വിദ്യാഭ്യാസവും സാമ്പത്തിക ഭദ്രയുമുള്ളവരാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പത് ചാവേറുകളാണ് ഉണ്ടായിരുന്നതെന്നും ഇവരില്‍ എട്ട് പേരെ തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ആക്രമണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന 60 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. 32 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയുമാണ്. അറസ്റ്റിലായവരെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണ്.
ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ആക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചതാണോ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായതിനാല്‍ യഥാസമയം ലഭിക്കാത്തതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണന്ന് പ്രധാനമന്ത്രി അറിയിച്ചു. രഹസ്യവിവരം യഥാസമയം ഉപയോഗപ്പെടുത്തിയിരുന്നെങ്കില്‍ ആക്രമണം തടയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ടെലിഫോണ്‍ ബന്ധം തകര്‍ന്നിരുന്നുവെന്ന് സ്ഥരീകരിച്ചിട്ടുണ്ട്.
ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ ആക്രമണം നടത്തിയ ചാവേര്‍ ഫാക്ടറി ഉടമയായ ഇന്‍സാന്‍ സീലാവനാണെന്ന് തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നത്. ആക്രമണത്തിനു തയാറെടുത്ത കൂടുതല്‍ പേരുണ്ടെന്നാണ് പ്രതിരോധ സഹമന്ത്രി പറഞ്ഞതെങ്കിലും ഒമ്പതാമത്തെ ചാവേര്‍ രക്ഷപ്പെടതാണോയെന്ന് സ്ഥരീകരിക്കാന്‍ വിസമ്മതിച്ചു.
അതിനിടെ, ശ്രീലങ്കയിലെ സുരക്ഷാ സംവിധാനത്തിലുണ്ടായ വീഴ്ചയാണ് സംഭവമെന്ന് പറഞ്ഞ യു.എസ് അംബാസഡര്‍ അലൈന ടെപ്ലിറ്റ്‌സ് ഭീഷണിയെ കുറിച്ച് മുന്‍കൂര്‍ വിവരമില്ലായിരുന്നുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.