ബെംഗളുരു- ചൊവ്വാഴ്ച പുലര്‍ച്ചെ ബെംഗളുരൂവില്‍ നിന്നും സിംഗപൂരിലേക്ക് പറക്കാനിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരന്‍ വ്യാജ തോക്കു ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വിമാനയാത്ര 16 മണിക്കൂര്‍ വൈകി. സ്‌കൂട്ട് എയര്‍ലൈന്‍സ് വിമാനത്തിന്റെ യാത്രയാണ് മുടങ്ങിയത്. വിദേശിയായ ഒരു യാത്രക്കാരന്‍ തന്റെ ഭാഗില്‍ തോക്കുണ്ടെന്ന് വിമാന ജീവനക്കാരെ വ്യാജമായി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 173 യാത്രക്കാര്‍ ദുരിതത്തിലായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20നു പറക്കേണ്ടിയിരുന്ന വിമാനം യാത്ര മുടക്കുകയും പിന്നീട് സിംഗപൂരില്‍ നിന്ന് മറ്റൊരു വിമാനം എത്തിച്ച് വൈകുന്നേരം 5.23-നാണ് യാത്രക്കാരെ കൊണ്ടു പോകുകയുമായിരുന്നു.
ഭീഷണി മുഴക്കിയ യാത്രക്കാരനെ ഉടന്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി പിടികൂടി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് യാത്രക്കാരന്റെ തമാശയാണെന്ന് ബോധ്യപ്പെട്ടത്. പിന്നീട് ഇയാളെ വിട്ടയക്കുകയും ചെയ്തു. ഈ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്നത് തോക്കല്ല ഗിറ്റാറായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
്‌വ്യാജമാണെങ്കിലും ഭീഷണിയെ തുടര്‍ന്ന് പാലിക്കേണ്ട സുരക്ഷാ നടപടിക്രമങ്ങളാണ് യാത്ര 16 മണിക്കൂര്‍ വൈകിപ്പിച്ചത്. എല്ലാ യാത്രക്കാരേയും അവരുടെ ലഗേജുകളും വിമാനത്തില്‍ നിന്നിറക്കി വീണ്ടും ഇമിഗ്രേഷന്‍ ക്ലിയറന്‍സിനു സുരക്ഷാ പരിശോധനകള്‍ക്കും സ്‌ക്രീനിങ്ങുകള്‍ക്കു വിധേയമാക്കി. മണിക്കൂറുകളോളം വിമാനത്തിനുള്ളില്‍ കഴിഞ്ഞ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ഇവര്‍ക്ക് ഭക്ഷണവും മറ്റും അധികൃതര്‍ നല്‍കി. ഇതു വിമാനത്താവളത്തിലെ മറ്റു സര്‍വീസുകളെ ബാധിച്ചില്ല. പകരം വിമാനം സിംഗപൂരില്‍ നിന്നെത്തിച്ചാണ് യാത്രക്കാരെ കൊണ്ടു പോയത്.