ശ്രീലങ്ക: സ്‌ഫോടക വസ്തുക്കളുമായി ചാവേര്‍ ചര്‍ച്ചിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്- Video

കൊളംബൊ- ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയ്ക്കിടെ നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലേക്ക് ചാവേര്‍ എന്ന് സംശയിക്കപ്പെടുന്നയാള്‍ വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ചതെന്ന് സംശയിക്കപ്പെടുന്ന വലിയ ബാഗ് തോളിലിട്ടാണ് ഇയാള്‍ പള്ളിയിലെത്തിയത്. ആളുകള്‍ക്കിടയിലൂടെ നടന്നു മുന്നോട്ടു പോയി പള്ളിയുടെ ഒരു വശത്തെ മൂന്നാമത്തെ വാതിലിലൂടെ അകത്ത് കയറി മൂന്നിലെ നിരകളിലൊന്നില്‍ ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ സമയം പള്ളിക്കകത്തുള്ളവര്‍ പ്രാര്‍ത്ഥനയിലാണ്. പള്ളി മുറ്റത്ത് നില്‍ക്കുകയായിരുന്നു ഒരു കൊച്ചു പെണ്‍കുട്ടിയുടെ തലയില്‍ തലോടിയ ശേഷം കുട്ടിയുടെ കുടെയുള്ള ആളോട് എന്തോ സംസാരിച്ച ശേഷമാണ് ഇയാള്‍ അകത്തേക്കു വരുന്നത്. ചര്‍ച്ചിനകത്ത് കയറിയിരിക്കുന്നതോടെ ഈ 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ അവസാനിക്കുന്നു. ഞായറാഴ്ചയുണ്ടായ എട്ടു സ്‌ഫോനടങ്ങളില്‍ 320 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. സ്‌ഫോടനത്തിനു പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയാണെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറയുന്നു. അതിനിടെ ഐഎസ് ഉത്തരവാദിത്തമേറ്റതായും കഴിഞ്ഞ ദിവസം റിപോര്‍ട്ടുണ്ടായിരുന്നു.

Latest News