ഐ.എസ് ഏറ്റെടുത്തിട്ടും എന്‍.ടി.ജെയിലേക്ക് വിരല്‍ ചൂണ്ടി ലങ്കന്‍ പോലീസ്
കൊളംബോ- ഈസ്റ്റര്‍ ഞായറാഴ്ച ശ്രീലങ്കയില്‍ 320 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണങ്ങള്‍ നടത്തിയവരില്‍ രണ്ടു പേര്‍ സഹോദരങ്ങളാണെന്ന് ശ്രീലങ്കന്‍ പോലീസിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. കൊളംബോയിലെ സമ്പന്നനായ സുഗന്ധവ്യഞ്ജന വ്യാപാരിയുടെ മക്കളാണ് ഇവരെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മൂന്ന് ചര്‍ച്ചുകളിലും മൂന്ന് ഹോട്ടലുകളിലുമായിരുന്നു സ്‌ഫോടനങ്ങള്‍. നാലാമത്തെ ഹോട്ടലില്‍ നടത്തിയ ആക്രമണം പരാജയപ്പെട്ടതാണ് ആക്രമണത്തിനു പിന്നില്‍ ഇപ്പോള്‍ ആരോപിക്കപ്പെടുന്ന മുസ്ലിം ഗ്രൂപ്പിലേക്ക് അന്വേഷണമെത്താന്‍ സഹായിച്ചതെന്നും പോലീസ് പറയുന്നു.
ചാവേറുകളായി മാറിയ 20-30 നുമിടയില്‍ പ്രായമുള്ള സഹോദരങ്ങള്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ) പ്രധാന അംഗങ്ങളായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനയായ ഐ.എസ് ഏറ്റെടുത്തുവെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാര്‍ വിരല്‍ ചൂണ്ടുന്നത് എന്‍.ടി.ജെയിലേക്കാണ്. കഴിഞ്ഞ മാസം ന്യൂസിലാന്‍ഡില്‍ 50 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയാണിതെന്നും ശ്രീലങ്കന്‍ മന്ത്രി പറഞ്ഞിരുന്നു.
ചാവേറുകളായി മാറിയ സഹോദരങ്ങളില്‍ ഒരാള്‍ സിന്നമോന്‍ ഗ്രാന്‍ഡ് ഹോട്ടലിലും രണ്ടാമന്‍ ഷാംഗ്രി-ലാ ഹോട്ടലിലും ശനിയാഴ്ച മുറിയെടുത്തതായി പോലീസ് കണ്ടെത്തി. അടുത്ത ദിവസം രാവിലെ ഒരേ സമയത്ത് പ്രാതല്‍ ബഫേക്ക് ചെന്ന ഇവര്‍ ബാക്കിലെ ബാഗില്‍ ഒളിപ്പിച്ചിരുന്ന ബോംബുകള്‍ പൊട്ടിച്ചുവെന്നാണ് പോലീസ് കരതുന്നത്.