കൊച്ചി- മെട്രോ റെയിലിന്റെ ഉദ്ഘാടനത്തിനായി നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വരവേൽക്കാൻ നഗരം ഒരുങ്ങി. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പുറമെ പി.എൻ. പണിക്കർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ദേശീയ വായന മാസാചരണത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
നാളെ രാവിലെ 10.15 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവിക വിമാനത്താവളമായ ഐ.എൻ.എസ് ഗരുഡയിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് റോഡ് മാർഗമാണ് മെട്രോ ഉദ്ഘാടന വേദിയിലേക്ക് യാത്ര തിരിക്കുക. 10.35 ന് പാലാരിവട്ടം സ്റ്റേഷനിൽ മെട്രോയുടെ ഉദ്ഘാടനം. തുടർന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര. 11 മണിക്ക് കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ കൊച്ചി മെട്രോയുടെ സമർപ്പണം നിർവഹിക്കും. 12.15 ന് സെന്റ് തെരേസാസ് കോളേജിൽ പി.എൻ. പണിക്കർ ദേശീയ വായന മാസാചരണം ഉദ്ഘാടനം ചെയ്യും.
സെന്റ് തെരേസാസ് കോളേജിൽനിന്ന് ഉച്ചയ്ക്ക് 1.05 ന് നാവിക വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടത്തെ ബോർഡ് റൂമിൽ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. 1.25 നാണ് മടക്കയാത്ര.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വൻ സുരക്ഷയിലാണ് ഇന്നലെ മുതൽ നഗരം. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ ഉന്നതോദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് സംസ്ഥാന പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് മെട്രോ ഉദ്ഘാടന വേദിയായ കലൂർ സ്റ്റേഡിയത്തിൽ ഒരുക്കുക. സ്റ്റേഡിയത്തിനു സമീപം നിർമിച്ച പന്തലിൽ 3500 ഓളം ക്ഷണിക്കപ്പെട്ട അതിഥികളാണുണ്ടാവുക.
ശ്രീധരനും ചെന്നിത്തലയും വേദിയിലെത്തും
തിരുവനന്തപുരം- കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഡി.എം.ആർ.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനേയും ഉൾപ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇരുവരെയും നേരത്തെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചതിനു പിന്നാലെയാണ് വേദിയിൽ ഇരുവരെയും ഉൾപ്പെടുത്താനുള്ള തീരുമാനം.
അതേസമയം തൃക്കാക്കര എം.എൽ.എ പി.ടി. തോമസിനെ വേദിയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ശ്രീധരനെ ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധമാണുയർന്നിരുന്നത്. സംസ്ഥാന സർക്കാർ നേരത്തെ നൽകിയ പട്ടികയിൽ ശ്രീധരന്റെയും ചെന്നിത്തലയുടെയും പേരുണ്ടായിരുന്നു.
പുതുക്കിയ പട്ടിക പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി തോമസ് ചാണ്ടി, കെ.വി. തോമസ് എം.പി, മേയർ സൗമിനി ജെയിൻ എന്നിവർക്കൊപ്പം ഇ. ശ്രീധരനും രമേശ് ചെന്നിത്തലയും ഉദ്ഘാടന വേദിയിലുണ്ടാകും. നേരത്തെ സംസ്ഥാന സർക്കാർ നിർദേശിച്ച പരിപാടി പ്രകാരം 17 പേർക്ക് വേദിയിൽ ഇരിപ്പിടമുണ്ടായിരുന്നു. പത്ത് പേർക്ക് സംസാരിക്കാനുളള അവസരവും. പ്രധാനമന്ത്രി, മുഖ്യമന്ത്രി, വെങ്കയ്യ നായിഡു എന്നിവർക്ക് പുറമെ ഗവർണർ പി. സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ. ഇ. ശ്രീധരൻ, കെ.വി. തോമസ് എം.പി, പി.ടി. തോമസ് എം.എൽ.എ, കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജ് എന്നിവർക്കായിരുന്നു സംസാരിക്കാൻ അവസരം.