Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് കലാപം: സംഘ് ഭീഷണിക്കിടെ മൊഴിയിലുറച്ച് ബല്‍ക്കീസ് ബാനുവിന്റെ പോരാട്ടം ജയിച്ചത് ഇങ്ങനെ

ന്യൂദല്‍ഹി- നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആയിരക്കണക്കിന് മുസ്ലിംകളെ തെരഞ്ഞെു പിടിച്ചു കൂട്ടക്കൊല നടത്തിയ 2002-ലെ ഗുജറാത്ത് മുസ്ലിം വംശഹത്യാകാലത്തെ ഞെട്ടിപ്പിക്കുന്ന ഓര്‍മകളിലൊന്നാണ് സ്വന്തം കുടുംബത്തെ കണ്‍മുന്നിലിട്ട് കൂട്ടക്കൊല നടത്തിയതിന് സാക്ഷിയാകുകയും കൂട്ടബലാല്‍സംഗത്തിനിരയാകുകയും ചെയ്ത ബല്‍ക്കീസ് ബാനുവിന്റെ ജീവിതം. 17 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ബാനുവിന് സു്പ്രീം കോടതിയില്‍ നിന്ന് നീതി ലഭിച്ചിരിക്കുന്നു. ഗുജറാത്ത് സര്‍ക്കാര്‍ ബാനുവിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണം. സര്‍ക്കാര്‍ ജോലിയും താമസിക്കാനുള്ള വീടും നല്‍കണമെന്നാണ് കോടതി വിധി. 2002നു ശേഷം വീടില്ലാതെ നാടോടികളെ പോലെയാണ് ബാനു കഴിയുന്നതെന്നു മനസ്സിലാക്കിയാണ് കോടതി അവര്‍ക്കു വീടു നല്‍കാന്‍ ഉത്തരവിട്ടത്.

നഷ്ടപരിഹാരവും ബലാല്‍സംഗക്കേസ് അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടുള്ള ബാനുവിന്റെ കേസിലാണ് ഇന്നത്തെ വിധി. ടീസ്റ്റ സെതല്‍വാദ് അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടലാണ് നിയമ പോരാട്ടത്തിന് ബാനുവിന് തുണയായത്. 

Image may contain: 3 people

കലാപം കത്തിപ്പടര്‍ന്ന 2002 മാര്‍ച്ച് മൂന്ന് അഹമദാബാദിനടുത്ത രന്ദിക്പൂര്‍ ഗ്രാമത്തിലെ ബല്‍ക്കീസിന്റെ കൂരയിലെത്തിയ സംഘപരിവാര്‍ തീവ്രവാദികള്‍ കുടുംബത്തിലെ 14 പേരെയാണ് അടിച്ചും വെട്ടിയും കുത്തിയും കൂട്ടക്കൊല ചെയ്തത്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായ കുറഞ്ഞ ഇര ബല്‍ക്കീസിന്റെ മൂന്ന് മാസം മാത്രം പ്രായമുള്ള  സാലിഹ എന്ന പെണ്‍കുരുന്നായിരുന്നു. കാലില്‍പിടിച്ച് പാറയില്‍ തല അടിച്ച് ഈ കുരുന്നിനെ ബല്‍ക്കീസിന്റെ കണ്‍മുന്നിലിട്ടാണ് ആക്രമികള്‍ കൊന്നത്. അന്ന് ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ ആക്രമി സംഘം മാറി മാറി കൂട്ടബലാല്‍സംഗം ചെയ്തു. മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു പോയതു കൊണ്ടു മാത്രം രക്ഷപ്പെട്ട ബല്‍ക്കീസ് ബാനു പിന്നീട് നടത്തിയ നിയമ പോരാട്ടങ്ങളിലൂടെയാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്ന് നീതി നേടിയെടുത്തത്.

സംഘപരിവാര്‍ ഭീഷണികള്‍ ഉണ്ടായിട്ടും നല്‍കിയ മൊഴിയില്‍ ഉറച്ചു നിന്നതാണ് ബല്‍ക്കീസ് ബാനുവിന് തുണയായത്. കാലപത്തിന്റെ ഹൃദയഭേദകമായ രംഗങ്ങളാണ് ബാനുവിന്റെ ആ മൊഴികള്‍. 2008-ല്‍ ഈ കേസിലെ 11 പ്രതികളെ ബലാല്‍സംഗത്തിന് കോടതി ശിക്ഷിച്ചെങ്കിലും കേസില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയതിന് ബോംബെ ഹൈക്കോടതി ഈ പോലീസുകാരെ ശിക്ഷിച്ചിരുന്നു. ഇവരില്‍ മൂന്ന് ഐപിഎസ് ഓഫീസര്‍മാരും വിരമിച്ചു. ഒരു ഓഫീസര്‍ ഇപ്പോഴും ഗുജറാത്ത് പോലീസ് സര്‍വീസിലുണ്ട്. ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചില്ലെന്ന് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

ഈ മൂന്ന് പോലീസ് ഓഫീസര്‍മാരുടെ പെന്‍ഷന്‍ തടഞ്ഞതായും സര്‍വീസിലുള്ള ഓഫീസറെ തരംതാഴ്ത്തിയതായും ഗുജറാത്ത് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ അറിയിച്ചു. 


 

Latest News