ന്യൂദല്‍ഹി- റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറയാത്ത കാര്യങ്ങള്‍ കോടതിയുടെ പേരില്‍ പറഞ്ഞതിന് സുപ്രീം കോടതി അയച്ച നോട്ടീസിന് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നല്‍കിയ മറുപടി കോടതി അംഗീകരിച്ചില്ല. ഒരാഴ്ച്ചയ്ക്കകം രാഹുല്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കോടതി വീണ്ടും നോട്ടീസയച്ചു. കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെങ്കില്‍ ചൊവ്വാഴ്ച്ചയ്ക്കകം രാഹുല്‍ തൃപ്തികരമായ മറുപടി നല്‍കണമെന്നാണ് കോടതിയുടെ ആവശ്യം. പ്രധാനമന്ത്രി മോഡിക്കെതിരെ ഈ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ രാഹുല്‍ ഉപയോഗിക്കുന്ന ഏറ്റവും മുര്‍ച്ഛയേറിയ ആയുധമായ റഫാല്‍ അഴിമതി ആരോപണം സുപ്രീം കോടതി ശരിവച്ചു എന്ന രീതിയിലുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിനയായത്. കോടതി പറയാത്തത് കോടതിയുടെ പേരില്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് ബിജെപിയാണ് രാഹുലിനെതിരെ കോടതിയലക്ഷ്യ കേസ് നല്‍കിയത്.
റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി മോഡി അഴിമതി നടത്തിയെന്ന് സുപ്രീം കോടതി അംഗീകരിച്ചു എന്ന തന്റെ പരാമര്‍ശം, മോഡിക്കു ക്ലീന്‍ ചിറ്റ് നല്‍കിയെന്ന എതിരാളികളുടെ പ്രചാരണത്തിനെതിരായ ഒരു രാഷ്ട്രീയ അധിക്ഷേപമായിരുന്നുവെന്നും രാഹുല്‍ മറുപടിയില്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയ പ്രചാരണച്ചൂടില്‍ പറഞ്ഞു പോയതാണെന്നും പ്രസ്തുത വാക്കുകള്‍ കോടതിയുടേത് അല്ലെന്നും വ്യക്തമാക്കിയ രാഹുല്‍ സംഭവിച്ച അബദ്ധത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. രാഷ്ട്രീയ എതിരാളികള്‍ തന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്യുകയുമായിരുന്നെന്നുമാണ് രാഹുല്‍ കോടതിക്കു നല്‍കിയ മറുപടിയില്‍ പറഞ്ഞത്. കോടതി രേഖപ്പെടുത്താത്ത നിരീക്ഷണങ്ങളോ കണ്ടെത്തലുകളോ കോടതിയുടെ പേരില്‍ രാഷ്ട്രീയ പ്രസംഗങ്ങളിലോ മാധ്യമങ്ങള്‍ക്കു മുന്നിലോ ഇനി അവതരിപ്പിക്കില്ലെന്നും രാഹുല്‍ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു.
റഫാല്‍ ഇടപാടിലെ അഴിമതി സൂചിപ്പിക്കുന്ന, പുറത്തുവന്ന സര്‍ക്കാര്‍ രേഖകള്‍ തെളിവായി സ്വീകരിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ ദിവസമാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. സുപ്രീം കോടതിക്ക് ഞാന്‍ നന്ദി പറയുന്നു. കാവല്‍ക്കാരന്‍ കള്ളനാണെന്ന് ഈ രാജ്യം ഒന്നടങ്കം പറയുന്നു. സുപ്രീം കോടതി നീതിയെ കുറിച്ചു പറഞ്ഞ ഈ ദിവസം ആഘോഷത്തിന്റേതാണ്' എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
രാഹുൽ ഗാന്ധി ഖേദം പ്രകടിപ്പിച്ചുവെങ്കിലും മാപ്പു പറഞ്ഞില്ലെന്ന് രാഹുലിനെതിരെ കേസ് നൽകിയ മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. ഖേദപ്രകടനം ബ്രാക്കറ്റിലാണ് നടത്തിയിരിക്കുന്നതെന്നും റോത്തഗി വ്യക്തമാക്കി. അമേത്തി മുതൽ വയനാട് വരെ ചൗക്കിദാർ കള്ളനാണെന്നാണ് രാഹുൽ ഗാന്ധി പ്രസംഗിക്കുന്നതെന്ന് മുകുൾ റോത്തഗി വ്യക്തമാക്കിയപ്പോൾ ആരാണ് ചൗക്കിദാർ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുചോദ്യം. 'ചൗക്കിദാർ ചോർ ഹേ' എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും വിശദീകരണം തേടിയത് കൊണ്ടാണ് സത്യവാങ്മൂലം സമർപ്പിച്ചതെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ചൗക്കിദാർ ചോർ ഹേ എന്ന് സുപ്രീം കോടതി പറഞ്ഞു എന്ന വിഷയത്തിൽ മാത്രമാണ് ഖേദ പ്രകടനം നടത്തിയതെന്നും അഭിഷേക് മനു സിംഗ്‌വി പറഞ്ഞു. ഒരു കോടതിയും ഇങ്ങനെ പറയില്ലെന്നും അതിനാല്‍ താന്‍ ഖേദിക്കുന്നുവെന്നുമായിരുന്നു രാഹുലിന്റെ മറുപടി.