ന്യൂദല്‍ഹി- ബിഹാറിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ കത്തിഹാറില്‍ വോട്ടു ഭിന്നിപ്പിക്കരുതെന്ന് മുസ്ലിംകളോട് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ മൂന്ന് ദിവസത്തെ പ്രചാരണ വിലക്കേര്‍പ്പെടുത്തി. പെരുമാറ്റ ച്ട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ അടുത്ത 72 മണിക്കൂര്‍ സമയത്തേക്ക് പൊതുപരിപാടികളിലും ജാഥകലിലും റാലികളിലും റോഡ് ഷോ, അഭിമുഖങ്ങള്‍, പരസ്യ പ്രസ്താവനകള്‍ എന്നിവ പാടില്ലെന്നാണ് കമ്മീഷന്റെ ഉത്തരവ്.
65 ശതമാനത്തോളം മുസ്ലിം ജനസംഖ്യയുള്ള കത്തിഹാറില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ താരിഖ് അന്‍വറിനു വേണ്ടി പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സിദ്ദുവിന്റെ പരാമര്‍ശം. ഇവിടെ അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇവിടെ പുതിയ പാര്‍ട്ടി ഉണ്ടാക്കി വോട്ടു ഭിന്നിപ്പിച്ചു ജയിക്കാമെന്നാണ് ഇവരുടെ ആഗ്രഹമെന്നും സിദ്ദു പറഞ്ഞിരുന്നു. ശനിയാഴച കമ്മീഷന്‍ സിദ്ദുവിന് നോട്ടീസ് നല്‍കിയിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരില്‍ സിദ്ധുവിനെതിരെ കേസും ഫയല്‍ ചെയ്തിട്ടുണ്ട്.