അബഹ - ശ്വാസമടക്കിപ്പിടിച്ച് മാത്രം കാണാവുന്ന അഭ്യാസ പ്രകടനവുമായി വിദേശി യുവാവ് സാഹസികതയുടെ പുതുചരിത്രം കുറിച്ചു. അബഹക്ക് കിഴക്ക് സ്ഥിതിചെയ്യുന്ന ചെങ്കുത്തായ രണ്ടു മലകളുടെ ഉച്ചികളെ പരസ്പരം ബന്ധിപ്പിച്ച കയറിൽ നഗ്നപാദനായി ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്കും തിരിച്ചും താണ്ടുകയാണ് യുവാവ് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ ഹെലികാമുകൾ ഉപയോഗിച്ച് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
അരപ്പട്ടയിൽ ബന്ധിച്ച കയറും മലകളെ ബന്ധിപ്പിച്ച കയറും വൃത്താകൃതിയിലുള്ള വളയം ഉപയോഗിച്ച് ബന്ധിപ്പിച്ചതൊഴിച്ചാൽ മറ്റു സുരക്ഷാ മുൻകരുതലുകളൊന്നും യുവാവ് സ്വീകരിച്ചിരുന്നില്ല. ഒരു ദിശയിലുള്ള യാത്ര പൂർത്തിയാക്കി തിരിച്ചുവരവിൽ കയറിലൂടെ യുവാവ് ഊർന്ന് സഞ്ചരിക്കുന്നത് കാണികളുടെ നെഞ്ചിടിപ്പ് കൂട്ടും. ഏറെ താഴ്ചയിൽ പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരക്കു കുറുകെയായായിരുന്നു യുവാവിന്റെ അഭ്യാസ പ്രകടനം.