മുംബൈ- ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വാക് പോര് ഇത്തവണ വളരെ ശക്തമായിരുന്നു. കടുത്ത ആരോപണ പ്രത്യാരോപണങ്ങള്‍ എല്ലാ മുഖ്യപാര്‍ട്ടികളുടെ നേതാകളുടെയും മുഖമുദ്രയായി മാറി. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഈ ഗ്രൂപ്പില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് മഹാരാഷ്ട്രയില്‍നിന്നുള്ള ബിജെപി നേതാവ് പങ്കജ മുണ്ടെയാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് പങ്കജ മുണ്ടെയുടെ വിവാദ പരാമര്‍ശം.
രാഹുലിന്റെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് അയക്കണമെന്ന് പങ്കജ മുണ്ടെ പറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാദ പരാമര്‍ശവുമായി മന്ത്രി രംഗത്തെത്തിയത്.
'നമ്മുടെ സൈനികര്‍ക്ക് നേരെ നടന്ന ആക്രമണത്തിന് ശേഷം നമ്മള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. എന്തായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും തെളിവ് എവിടെയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ശരീരത്തില്‍ ബോംബ് കെട്ടിവച്ച് മറ്റൊരു രാജ്യത്തേക്ക് വിടണം. അപ്പോഴേ അവര്‍ക്ക് മനസ്സിലാകുകയുള്ളു' പങ്കജ മുണ്ടെ പറഞ്ഞു.