Sorry, you need to enable JavaScript to visit this website.

'പ്രജ്ഞ ബിജെപിയുടെ മുത്ത്'; തെരഞ്ഞെടുപ്പു കമ്മീഷന് മായാവതിയുടെ കൊട്ട്

ലഖ്‌നൗ- ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപാലിലെ സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തി. പെരുമാറ്റ ചട്ട ലംഘനത്തിന് രണ്ടു തവണ കമ്മീഷന്‍ പ്രജ്ഞയ്ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ തുടര്‍ നടപടി സ്വീകരിച്ചിട്ടില്ല. 'മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപാലിലെ സ്ഥാനാര്‍ത്ഥിയുമായ സാധ്വി പ്രജ്ഞ അവകാശപ്പെടുന്നത് തന്റെ മത്സരം ഒരു 'ധര്‍മയുദ്ധ'മാണെന്നാണ്. ബിജെപിയുടേയും ആര്‍എസ്എസിന്റേയും യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുന്നതാണ് ഇത്. ഇതിനെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസുകള്‍ അയക്കുകയല്ലാതെ എന്തു കൊണ്ടാണ് ഈ ബിജെപി മുത്ത് പ്രജ്ഞയുടെ നാമനിര്‍ദേശ പത്രിക റദ്ദാക്കാത്തത്?'- മായാവതി ചോദിച്ചു.

മാധ്യമങ്ങളുടെ വിമര്‍ശനങ്ങളുണ്ടായിട്ടും നിഷ്പക്ഷമായി, ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു കഴിയില്ലെങ്കില്‍ അത് ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണെന്നും ഗുരുതരമായ തെരഞ്ഞെടുപ്പു ആരോപണങ്ങള്‍ കൂടുതലും ഉയര്‍ന്നിട്ടുള്ളത് ബിജെപിക്കും പ്രധാനമന്ത്രി മോഡിക്കുമെതിരെ ആണെന്നും മായാവതി ചൂണ്ടിക്കാട്ടി. 

മൂന്ന് പതിറ്റാണ്ടായി ബിജെപി മാത്രം ജയിച്ചിട്ടുള്ള ഭോപാലില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‌വിജയ് സിങിനെതിരെയാണ് പ്രജ്ഞയുടെ മത്സരം. പ്രജ്ഞയെ രംഗത്തിറക്കി ബിജെപി വോട്ടു ധ്രൂവീകരണം നടത്തുകയാണെന്ന് വിവിദ കോണുകളില്‍ നിന്ന് ഇതിനകം തന്നെ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഭീകരാക്രമണ കേസില്‍ അകത്തു കിടന്നതിന് പകരം ചോദിക്കുന്ന രീതിയിലാണ് പ്രജ്ഞയുടെ തെരഞ്ഞെടുപ്പു പ്രചാരണം. സ്‌ഫോടനക്കേസില്‍ തന്നെ അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര മുന്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ദ് കര്‍ക്കരെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപമേറ്റാണെന്ന് പ്രജ്ഞയുടെ വിവാദ പരാമര്‍ശത്തിന് നേരത്തെ അവര്‍ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന പ്രസ്താവന വന്നത്. ഇതിനെ തുടര്‍ന്നും കമ്മീഷന്‍ പ്രജ്ഞയ്ക്ക് നോട്ടീസ് നല്‍കി. എന്നാല്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല. മുസ്ലിംകളോട് വോട്ട് ഭിന്നിപ്പിക്കരുതെന്ന് ആഹ്വാനം ചെയ്ത മായാവതിയെ കമ്മീഷന്‍ രണ്ടു ദിവസത്തേക്ക് പ്രചാരണ രംഗത്തു നിന്നും വിലക്കി ശിക്ഷിച്ചിരുന്നു.
 

Latest News