കൊൽക്കത്ത- മലേഗാവ് സ്‌ഫോടന കേസിലെ പ്രതി പ്രജ്ഞ സിംഗ് താക്കൂറിനെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ. പ്രജ്ഞ സിംഗിനെ മത്സരിപ്പിക്കാനുള്ള തീരുമാനം ശരിയായതും അവർക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പ്രജ്ഞ സിംഗിനും അസീമാനന്ദക്കുമെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലെന്നും കൊൽക്കത്തയിൽ നടത്തിയ പത്രസമ്മേളനത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടു. യഥാർത്ഥ പ്രതികൾ രക്ഷപ്പെടുകയും പ്രജ്ഞ സിംഗ് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയും പ്രജ്ഞ സിംഗിനെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാക്കൾ പ്രജ്ഞ സിംഗ് താക്കൂറുമായി ചർച്ച നടത്തിയതിന് ശേഷമാണ് അമിത് ഷാ പ്രസ്താവന നടത്തിയത്.