ന്യൂദൽഹി-ഭോപാലിലെ ബി.ജെ.പി സ്ഥാനാർത്ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രജ്ഞാ സിംഗ് താക്കൂറിനെ പ്രശംസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവസിംഗ് ചൗഹാൻ. ദേശസ്‌നേഹിയും ഇന്ത്യയുടെ നിഷ്‌കളങ്ക പുത്രിയുമാണ് പ്രജ്ഞ സിംഗ് താക്കൂറെന്ന് ചൗഹാൻ പറഞ്ഞു. ഭോപാലിൽ കനത്ത ഭൂരിപക്ഷത്തിന് പ്രജ്ഞ സിംഗ് വിജയിക്കുമെന്നും ചൗഹാൻ വ്യക്തമാക്കി. നിയമം ദുരുപയോഗം ചെയ്താണ് പ്രജ്ഞ സിംഗിനെതിരെ കേസെടുത്തത്. കടുത്ത പീഡനമാണ് അവർ നേരിട്ടതെന്നും ചൗഹാൻ അഭിപ്രായപ്പെട്ടു. ഭോപാലിൽ മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിംഗാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി. ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതു മുതൽ വിവാദ പരാമർശങ്ങൾ സ്ഥിരമായി നടത്തുകയാണ് പ്രജ്ഞ സിംഗ് താക്കൂർ. ഇവരെ ന്യായീകരിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോഡിയും രംഗത്തെത്തിയിരുന്നു.