അമേത്തി- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പത്രിക അമേത്തി മണ്ഡലത്തിൽ സ്വീകരിച്ചു. നാമനിർദ്ദേശപത്രികയിൽ തെറ്റായ വിവരം രേഖപ്പെടുത്തിയെന്നാരോപിച്ച് സ്വതന്ത്രസ്ഥാനാർത്ഥി ധ്രുവ് ലാൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. തുടർന്നാണ് സൂക്ഷ്മ പരിശോധന ഇന്നത്തേക്ക് മാറ്റിയത്. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമായും പരാതി. യു.കെയിൽ രജിസ്റ്റർ ചെയ്ത കമ്പനിയിൽ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ സ്വയം രേഖപ്പെടുത്തി എന്നായിരുന്നു വാദം. രാഹുൽ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയിലും സംശയമുന്നയിച്ചു. പരാതി പരിഗണിച്ച റിട്ടേണിംഗ് ഓഫീസർ ഇതിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാമനിർദ്ദേശ പത്രിക സ്വീകരിച്ചത്.
രാഹുൽ ഗാന്ധി അമേത്തി മണ്ഡലത്തിൽ മത്സരിക്കുന്നതിനു നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ സൂക്ഷ്മ പരിശോധനയിൽ പൗരത്വവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ വ്യക്തമാക്കിയിരുന്നു.
രാഹുൽ ഗാന്ധി ആദ്യമായല്ല ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്നു വട്ടം എം.പിയായ അദ്ദേഹം നാലാമത്തെ തെരഞ്ഞെടുപ്പിനെയാണ് നേരിടുന്നത്. അഴിച്ചുവിട്ട കുപ്രചാരണങ്ങളെല്ലാം വെറുതെയായപ്പോൾ പരാജയ ഭീതിയിലായവരാണ് പരാതിക്കു പിന്നിൽ. സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ രണ്ടു വർഷമായി രാഹുലിനെതിരെ ഉന്നയിച്ചു വരുന്നതാണ് പൗരത്വവുമായി ബന്ധപ്പെട്ട ആരോപണം. പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നും വേണുഗോപാൽ പറഞ്ഞിരുന്നു.
അമേത്തി ലോക്‌സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധി സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇരട്ട പൗരത്വ വിഷയത്തിൽ മാറ്റിവെച്ച സാഹചര്യത്തിൽ ഇതേ വിഷയം നിലനിൽക്കുന്ന വയനാട് മണ്ഡലത്തിലെ പത്രികയുടെ പരിശോധന ആവശ്യപ്പെട്ട് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയും ചീഫ് ഇലക്ഷൻ ഏജന്റ് സിനിൽ മുണ്ടപ്പള്ളി ചീഫ് റിട്ടേണിംഗ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിലും അമേത്തിയിലും സമർപ്പിച്ച സത്യവാങ്മൂലങ്ങളിലെ വൈരുധ്യം പരിശോധിക്കുന്നതിനു എൽ.ഡി.എഫ് ഇന്നു വരണാധികാരിക്കു പരാതി നൽകുമെന്നു മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ സി.കെ.ശശീന്ദ്രൻ എം.എൽ.എ അറിയിച്ചു.