Sorry, you need to enable JavaScript to visit this website.

ചീഫ് ജസ്റ്റിസിനെ ലൈംഗികാപവാദ കേസില്‍ കുരുക്കാന്‍ ഒന്നര കോടി വാഗ്ദാനം ചെയ്‌തെന്ന് അഭിഭാഷകന്‍

ന്യൂദല്‍ഹി-  സുപ്രീം കോടതിയില്‍ ശനിയാഴ്ച അസാധാരണ സിറ്റിങിനു കാരണമായ ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാപവാദത്തിനു പിന്നില്‍ ഗൂഢാലോചന നടന്നെന്ന സംശയം ബലപ്പെടുത്തി സുപ്രീം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയെ ലൈംഗികാപവാദ കേസില്‍ കുരുക്കിലാക്കാന്‍ സഹായിക്കാന്‍ ഒന്നര കോടി രൂപ തനിക്ക് കോഴ വാഗ്ദാനം ചെയ്‌തെന്നാണ് അഭിഭാഷകനായ ഉത്സവ് ബയിന്‍സ് വെളിപ്പെടുത്തിയത്. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ച യുവതിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് ഒരാള്‍ തന്നെ സമീപിച്ചതെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അയാള്‍ തയാറായില്ലെന്നും ബയിന്‍ പറയുന്നു. ആരോപണം ഉന്നയിച്ച സുപ്രീം കോടതി മുന്‍ ജീവനക്കാരിക്കു വേണ്ടി വാദിക്കാനും ഈ ആരോപണം ഉന്നയിച്ച് ദല്‍ഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നുമാണ് വന്നയാള്‍ ആവശ്യപ്പെട്ടത്. യുവതിയുടെ ബന്ധുവാണെന്ന് പറഞ്ഞെങ്കിലും ഏതു രീതിയിലാണ് കുടുംബ ബന്ധമെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറയാന്‍ തയാറിയില്ല. പരിശീലനം സിദ്ധിച്ച ഒരു ഏജന്റിനെ പോലെയാണ് അയാള്‍ പെരുമാറിയതെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. ശനിയാഴ്ച ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.

പീഡനക്കേസില്‍ അകത്തായ ആള്‍ദൈവം ആശാറാം ബാപുവിനു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകനാണ് ബയിന്‍സ്. ഈ കേസ് ഏറ്റെടുത്തതിന് തന്നെ കോഴ് വാഗ്ദാനം ചെയ്തയാള്‍ അഭിനന്ദിച്ചു. ചീഫ് ജസ്റ്റിസിനെതിരെ പരാതി ഉന്നയിച്ച യുവതിക്കു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ 50 ലക്ഷം രൂപ ഫീസ് നല്‍കാമെന്ന് ആദ്യം വാഗ്ദാനം ചെയ്തു. പിന്നീട് പത്രസമ്മേളനം നടത്താനും ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ പറയുന്ന കാര്യങ്ങളില്‍ സംശയം തോന്നി യുവതിയുമായുള്ള ബന്ധവും മറ്റു കാര്യങ്ങളും കൂടുതല്‍ ചോദിച്ചറിയാന്‍ ശ്രമിച്ചു. അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ പഴുതുകളുണ്ടായിരുന്നു. ഒരു ചോദ്യത്തിനും മറുപടി പറയാന്‍ അദ്ദേഹത്തിനായില്ല. എന്നാല്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് കോഴി നിരസിച്ചപ്പോള്‍ അദ്ദേഹം ഒന്നര കോടി രൂപ നല്‍കാമെന്നേറ്റു. ഒടുവില്‍ അദ്ദേഹത്തെ ഓഫീസില്‍ നിന്ന് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു-ബയിന്‍സ് പറയുന്നു.

ഇക്കാര്യത്തെ കുറിച്ച് ദല്‍ഹിയിലെ വിശ്വസനീയ കേന്ദ്രങ്ങളിലും നിന്നും മറ്റും ആരാഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസിനെ രാജിവയ്പ്പിക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ബയില്‍ പറയുന്നു. ഇക്കാര്യം ചീഫ് ജസ്റ്റിനെ നേരിട്ട് ധരിപ്പിക്കാന്‍ അപ്പോയ്‌മെന്റ് തേടി വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്കു തന്നെ അദ്ദേഹത്തിന്റെ വീട്ടിലെ ഓഫീസിലെത്തി. സ്ഥലത്തില്ലാത്തതിനാല്‍ കാണാനായില്ല. പിന്നീട് പ്രമുഖ മാധ്യമ പ്രവര്‍ത്തകനെ വിളിച്ച് ഈ വിവരം ചീഫ് ജസ്റ്റിസിലെത്തിക്കാന്‍ സഹായം തേടി. ശനിയാഴ്ച രാവിലെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണിനേയും കാമിനി ജയ്‌സ്വാളിനേയും കാണാനും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അപ്പോഴേക്കും സുപ്രീം കോടതി അസാധാരണ സിറ്റിങ് ചേര്‍ന്ന് ലൈംഗികാരോപണം വിഷയം ചര്‍ച്ച ചെയ്തതോടെ ഇതൊരു ആസൂത്രിത നീക്കമാണ് ഉറപ്പായി-ബയിന്‍സ് കുറിപ്പില്‍ പറയുന്നു.
 

Latest News