കല്പറ്റ- ആവേശം അലതല്ലിയ തെരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനിടെ വയനാട്ടില്‍ നാലിടങ്ങളില്‍ സംഘര്‍ഷം. കല്പറ്റ, തരുവണ, കമ്പളക്കാട്, തലപ്പുഴ എന്നിവിടങ്ങളിലാണ് സംഘര്‍ഷം ഉണ്ടായത്. കല്പറ്റയില് പോലീസും എന്‍.ഡി.എ പ്രവര്‍ത്തകരുമാണ് ഉരസിയത്. പഴയ ബസ്സ്റ്റാന്‍ഡിനു സമീപം എന്‍.ഡി.എ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ച സ്ഥലത്തുകൂടി എല്‍.ഡി.എഫ് ജാഥയെ പോലീസ് കടത്തിവിട്ടു. എന്‍.ഡി.എ പ്രവര്‍ത്തകരില്‍ ചിലര്‍ ഇതു ചോദ്യം ചെയ്തതാണ് പ്രശ്നത്തിനു കാരണമായത്. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തരുവണ, തലപ്പുഴ, കമ്പളക്കാട് എന്നിവിടങ്ങളില്‍ കലാശക്കൊട്ടിനിടെ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു വാക്കേറ്റവും കൈയാങ്കളിയും.
തലപ്പുഴയിലും കമ്പളക്കാടും പോലീസിനു ഇടപെടേണ്ടിവന്നു. തലപ്പുഴയില്‍ പോലീസ് ലാത്തിച്ചാര്‍ജില്‍ നാല് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ബത്തേരി, കല്പറ്റ, മാനന്തവാടി നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് വിവിധ മുന്നണികള്‍ കൊട്ടിക്കലാശം കേമമാക്കിയത്.