ചരിത്രവും പുരാവസ്തുക്കളും പ്രദര്‍ശിപ്പിക്കുന്ന ഇടങ്ങളാണ് മ്യൂസിയങ്ങളെന്ന ധാരണ ഇനി മാറ്റേണ്ടി വരും. ജൂലൈയില്‍ ദല്‍ഹിയിലേയും ചെന്നൈയിലേയും റെയില്‍ മ്യൂസിയങ്ങളില്‍ സന്ദര്‍ശകര്‍ക്കുമുമ്പില്‍ ഇന്ത്യന്‍ റെയില്‍വെയുടെ ഭാവി കൂടി പ്രദര്‍ശനത്തിനുണ്ടാകും. ആനിമേറ്റഡ് കഥകളും, ലഘു വീഡിയോകളും, ഇന്ററാക്ടീവ് സ്റ്റോറി ബോര്‍ഡുകളും ഉപയോഗിച്ചാണ് മ്യൂസിയത്തിലെത്തുന്നവര്‍ക്കു മുമ്പില്‍ റെയില്‍വെ ഭാവി അനാവരണം ചെയ്യുക. റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഏറെ താല്‍പര്യമെടുത്ത് അവതരിപ്പിക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായാണീ സങ്കേതങ്ങള്‍ രാജ്യത്തെ രണ്ട് റെയില്‍വെ മ്യൂസിയങ്ങളില്‍ ഒരുക്കുന്നത്.
കാന്തിക ശക്തി ഉപയോഗിക്കുന്ന ട്രെയ്‌നുകള്‍ (മഗ്ലെവ്), ട്യൂബിലൂടെ കുതിച്ചു പായുന്ന എഞ്ചിനുകള്‍, ഭാവി സ്റ്റേഷനുകളുടെ ത്രിമാന രൂപങ്ങള്‍ എന്നിവയും പ്രദര്‍ശനത്തിനുണ്ടാകും. മൈസൂര്‍, പൂനെ, തിരുച്ചിറപ്പള്ളി, ഗം, ഹൗറ, ഓള്‍ഡ് കാണ്‍പൂര്‍ എന്നിവിടങ്ങളിലെ റെയില്‍വെ മ്യൂസിയങ്ങളിലും വരും മാസങ്ങളില്‍ ഈ സംവിധാനങ്ങളൊരുക്കുമെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ എ വണ്‍ കാറ്റഗറി സ്റ്റേഷനുകളിലും റെയില്‍വെ ഓഫീസുകളിലും യൂ ട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും ഈ വിഡിയോകളും ആനിമേഷനുകളും ലഭ്യമാക്കും.
ഒരു ദിവസം 23 ദശലക്ഷം യാത്രക്കാരെ വഹിക്കുന്ന ഇന്ത്യന്‍ റെയില്‍വെയുടെ ഗുണഭോക്താക്കളായ നിക്ഷേപകരേയും നയരൂപീകരണ വിദഗ്ധരേയും നേരിട്ട് ആകര്‍ഷിക്കാനാണ് ഈ പദ്ധതി. രാജ്യത്തുടനീളമുള്ള 17 റെയില്‍വേ സോണുകളോട് ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഒരുങ്ങാന്‍ റെയില്‍വെ മന്ത്രാലയം നിര്‍ദേശിച്ചു കഴിഞ്ഞു. ഇതിനാവശ്യമായ കിയോസ്‌കുകളും സ്‌ക്രീനുകളും ഒരുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.