മുംബൈ- മഹാരാഷ്ട്രയില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെയുടെ വ്യാപക മോഡി വിരുദ്ധ പ്രാചരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ എംഎന്‍എസ് മത്സരിക്കുന്നില്ല. എന്നാല്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. എങ്കിലും തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് നരേന്ദ്ര മോഡിയുടേയും ബിജെപിയുടേയും പൊള്ളവാദങ്ങളെ പൊളിച്ചടുക്കി, ഇവരെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ് താക്കറെ നടത്തുന്ന പൊതു സമ്മേളനങ്ങള്‍ വന്‍ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. മോഡിയുടെ പൊള്ളവാദങ്ങളെയും വാഗ്ദാനങ്ങളേയും തുറന്നു കാട്ടുന്ന വിഡിയോ ക്ലിപ്പുകള്‍ പ്രദര്‍ശിപ്പിച്ചും കടുത്ത വിമര്‍ശനങ്ങളുന്നയിച്ചുമാണ് രാജിന്റെ പ്രസംഗങ്ങള്‍. മോഡിക്കു പുറമെ ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും രാജ് ഉന്നമിടുന്നുണ്ട്. സംസ്ഥാനത്ത് വ്യാപകമായും പ്രത്യേകിച്ച് മറാത്താ വിഭാഗക്കാര്‍ക്ക് ആധിപത്യമുള്ള മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുമാണ് എംഎന്‍എസിന്റെ പൊതു പരിപാടികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഈ വര്‍ഷം തന്നെ നടക്കാനിരിക്കുന്ന മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് രാജ് താക്കറെയുടെ ഈ നീക്കമെന്നും വിലയിരുത്തപ്പെടുന്നു.
2014-ല്‍ അധികാരത്തിലെത്താന്‍ മോഡി നല്‍കിയ വാഗ്ദാനങ്ങളും ഒന്നൊന്നായി പൊളിച്ചടുക്കുന്ന രാജിന്റെ പ്രസംഗങ്ങള്‍ക്ക് വലിയ കയ്യടി ലഭിക്കുന്നതും ബിജെപിക്ക് തലവേദനയായിരിക്കുകയാണ്. ഓഡിയോ വിഷ്വല്‍ പ്രസന്റേഷനുകള്‍ക്കു പുറമെ രാജിന്റെ ആക്ഷേപ ഹാസ്യം നിറഞ്ഞ ചിരിപടര്‍ത്തുന്ന പ്രസംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. താക്കറെയുടെ ഈ അപ്രതീക്ഷിത മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ വഴികളില്ലാതെ വലഞ്ഞിരിക്കുകയാണ് ബിജെപി. ബിജെപിയെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളില്‍ മറ്റാരെയെങ്കിലും ജയിപ്പിക്കാനും ആവശ്യപ്പെടുന്നില്ല. അതേസമയം മോഡിയേയും അമിത് ഷായേയും തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടുള്ള രാജിന്റെ ഈ പ്രചാരണം പ്രതിപക്ഷമായ എന്‍സിപി-കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നുറപ്പാണ്. ജനങ്ങള്‍ക്ക് മോഡിയെ ഒന്നു പരീക്ഷിക്കാമെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എന്തു കൊണ്ട് പരീക്ഷിച്ചു കൂടാ എന്നും രാജ് ഈയിടെ ചോദിച്ചിരുന്നു.
തൊടുന്നതെല്ലാം ബിജെപിക്ക് പൊള്ളുന്നത്
ഈ പ്രചാരണങ്ങളില്‍ രാജ് താക്കറെ ഉന്നയിക്കുന്ന വിഷയങ്ങളെല്ലാം ബിജെപിക്ക് പൊള്ളുന്നവയാണ്. പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ട് വ്യോമാക്രമണം, മോഡിയുടെ മുന്നറിയിപ്പില്ലാത്ത പാക്കിസ്ഥാന്‍ സന്ദര്‍ശനം, വ്യവസായികള്‍ക്ക് പ്രതിസന്ധിയായ ജിഎസ്ടി, റഫാല്‍ കരാര്‍ അഴിമിതി എന്നിവ ഉന്നയിച്ചാണ് ബിജെപിക്കും മോഡിക്കുമെതിരെ രാജ് ആഞ്ഞടിക്കുന്നത്. പുല്‍വാമയില്‍ ജവാന്‍മാര്‍ കൊല്ലപ്പെട്ട സ്‌ഫോടനം നടത്താന്‍ ഇത്രയധികം ആര്‍ഡിഎക്‌സ് എവിടെ നിന്നു വന്നു? മോഡി ഇതിനുത്തരം പറയണം. സത്യപ്രതിജ്ഞാ ചടങ്ങിന് നവാസ് ശരീഫിനെ ക്ഷണിച്ചതാരാണ്? നവാസിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാനിലേക്ക് പോയി കേക്ക് തീറ്റിച്ചത് ആരാണ്? പ്രസംഗങ്ങളില്‍ രാജ് താക്കറെ കത്തിക്കയറുന്നത് ഈ ചോദ്യങ്ങള്‍ ഉന്നയിച്ചാണ്.
രാജ് താക്കറെയുടെ പ്രസംഗപാടവമാണ് ഇത്രയേറെ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നത്. മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രസംഗത്തില്‍ രാജ് താക്കറെയെ വെല്ലാം ആരുമില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍ രാജിന്റെ പ്രസംഗം കേള്‍ക്കാന്‍ എത്തുന്ന വന്‍ജനക്കൂട്ടം എന്‍സിപി കോണ്‍ഗ്രസ് സഖ്യത്തിനുള്ള വോട്ടായി മാറുമോ എന്ന് തെരഞ്ഞെടുപ്പു ഫലം വന്നാലെ അറിയാനാകൂ.