Sorry, you need to enable JavaScript to visit this website.

രാഹുല്‍ ബ്രിട്ടീഷ് പൗരനോ? അമേഠിയിലെ നാമനിര്‍ദേശ പത്രികയില്‍ തീരുമാനം നാളെ

അമേഠി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ സമര്‍പ്പിച്ച തെരഞ്ഞെടുപ്പു നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന റിട്ടേണിങ് ഓഫീസര്‍ രാം മനോഹര്‍ മിശ്ര നാളത്തേക്കു മാറ്റി. രാഹുലിന്റെ പത്രികയില്‍ പിശകുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണിത്. ബ്രിട്ടനില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിച്ച രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനെന്നാണ് പറഞ്ഞിരിക്കുന്നത്. നിയമ പ്രകാരം ഇന്ത്യന്‍ പൗരന്മാര്‍ക്കെ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ- പരാതിക്കാരന്റെ അഭിഭാഷകനായ രവി പ്രകാശ് പറഞ്ഞു. എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഒരു ബ്രിട്ടീഷ് പൗരനായത്. അദ്ദേഹത്തിന് ഇപ്പോള്‍ എങ്ങനെ ഇന്ത്യന്‍ പൗരത്വം ലഭിച്ചു? ഈ കാര്യങ്ങളില്‍ വ്യക്തത വരുത്താതെ അദ്ദേഹത്തിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിക്കരുതെന്നാണ് ഞങ്ങളുടെ പരാതിയെന്നും രവി പ്രകാശ് പറഞ്ഞു.

2003-നും 2009-നുമിടയില്‍ ബ്രിട്ടീഷ് കമ്പനിയുടെ സ്വത്തും ആസ്തിയും സംബന്ധിച്ച് വിവരങ്ങളൊന്നും രാഹുല്‍ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളും രേഖകളുമായി യോജിക്കുന്നില്ല. കോളെജില്‍ രാഹുല്‍ വിന്‍സി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. രാഹുല്‍ ഗാന്ധി എന്ന പേരില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഇല്ല. ഈ രണ്ടു പേരും ഒന്നാണോ എന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്. അങ്ങനെയല്ലെങ്കില്‍ യഥാര്‍ത്ഥ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി രാഹുല്‍ വ്യക്തത വരുത്തണം- അദ്ദേഹം പറഞ്ഞു.
 

Latest News