ന്യുദല്‍ഹി- ബിഹാറില്‍ മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സമുദായത്തിന് മുന്നറിയിപ്പു നല്‍കിയതിന് കോണ്‍ഗ്രസ് നേതാവ് നവജോത് സിങ് സിദ്ദുവിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്. പ്രഥമദൃഷ്ട്യാ സിദ്ധു തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടവും നിയമവും സുപ്രീം കോടതി നിര്‍ദേശവും ലംഘിച്ചെന്ന് കമ്മീഷന്‍ പറഞ്ഞു. രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ക്ക് കോടതിയുടെ നിര്‍ദേശമുണ്ട്. 24 മണിക്കൂറിനകം നോട്ടീസിനു മറുപടി നല്‍കണമെന്ന് സിദ്ദുവിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
ബിഹാറിലെ കത്തിഹാറില്‍ സിദ്ദുവിനെതിരെ പോലീസില്‍ പരാതി നിലവിലുണ്ടെന്നും കമ്മീഷന്‍ ഓര്‍മിപ്പിച്ചു. കത്തിഹാറില്‍ ഏപ്രില്‍ 16-ന് നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ നരേന്ദ്ര മോഡിയെ തോല്‍പ്പിക്കാന്‍ മുസ്ലിംകള്‍ ഒറ്റക്കെട്ടായി വോട്ടു ചെയ്യണമെന്നാ സിദ്ദു പ്രസംഗിച്ചത്. മുസ്ലിം വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണ് കത്തിഹാര്‍. മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി താരിഖ് അന്‍വറിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലായിരുന്നു സിദ്ദുവിന്റെ പ്രസംഗം.