സ്വന്തം ജോലി നിര്‍വഹിക്കുന്നതിനിടെ വീണു പോയ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ഷൂ കൈയില്‍ പിടിച്ചു നില്ക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നാടകമായിരുന്നു അതെന്ന് എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്ു. സംഭവത്തില്‍ ഉള്‍പ്പെട്ട എന്ത്യാ എഹഡ് കേരളാ റിപ്പോര്‍ട്ടര്‍ റിക്സണ് ഉമ്മന്‍ കഴിഞ്ഞ ദിവസം പ്രിയങ്കയെ സന്ദര്‍ശിച്ച വിഡിയോയും ഇപ്പോള്‍ പ്രചരിക്കുകയാണ്. അന്നു വിമര്‍ശിച്ചവര്‍ അറിയട്ടെ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ പുതിയ വിഡിയോയും പരമാവധി പ്രചരിപ്പിക്കുന്നുണ്ട്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്നോടിയായി വയനാട്ടില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ലോറിയില്‍ സഞ്ചരിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകയടക്കം അഞ്ച് പേര്‍ക്കാണ് വാഹനത്തില്‍നിന്ന് താഴെ വീണു പരിക്കേറ്റത്. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം.
ലോറിയില്‍ നിന്ന് താഴെ വീണ മാധ്യമപ്രവര്‍ത്തകരെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ സഹായിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.
റിക്സണ് ഉമ്മന്‍ കാണാനെത്തിയപ്പോള്‍ പ്രിയങ്ക പറഞ്ഞു: മുമ്പ് എന്റെ പിതാവ് രാജീവ് ഗാന്ധി ഇത്തരത്തില്‍ ബോധരഹിതമായി വീണത് ഓര്‍മയിലുണ്ട്. അന്ന് അദ്ദേഹം അനുഭവിച്ച അവസ്ഥ എന്താണെന്ന് ഞാന്‍ നേരില്‍ കണ്ടതാണ്. ബോധരഹിതനായി വീഴുന്ന നിങ്ങളെ കണ്ടപ്പോള്‍ ഒരു മനുഷ്യന് എന്ന രീതിയില്‍ ഞാന്‍ പ്രതികരിച്ചു. അത്രമാത്രം.
പരിക്ക് പറ്റിയ മാധ്യമപ്രവര്‍ത്തകനെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക തന്നെയാണ് കേരളത്തിലെ നേതാക്കളെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
മാഡം, ആശുപത്രിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത് കൂടാതെ എന്റെ ഷൂസ് ആംബുലന്‍സില്‍ എടുത്തുവച്ചത് പ്രിയങ്കാ ജീ ആണെന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്. പക്ഷേ ഇതെല്ലാം രാഷ്ട്രീയനാടകമാണെന്നാണ് ഇവിടെ ഉയര്‍ന്ന പ്രചാരണം. അതറിഞ്ഞിരുന്നോ?' റിക്സണ് പ്രിയങ്കാ ഗാന്ധിയോട് ചോദിച്ചു.
ഇത്തരം ആരോപണങ്ങളൊക്കെ വെറും വിഡ്ഢിത്തമാണെന്നായിരുന്നു പ്രിയങ്കയുടെ ആദ്യ പ്രതികരണം. നിങ്ങള്‍ അപകടത്തില്‍പ്പെടുന്നത് കണ്ടാണ് ഞങ്ങള്‍ ഓടി എത്തിയത്. ബോധരഹിതനായ നിങ്ങള്‍ക്ക് ആദ്യ പരിചരണം ഒപ്പമുണ്ടായിരുന്നവര്‍ നല്‍കിയിരുന്നു. ഞാനാണ് കാലില്‍ നിന്ന് ഷൂ ഊരിമാറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുമ്പോള്‍ ആ ഷൂ ഞാനെടുത്ത് ആംബുലന്‍സില്‍ വച്ചു. വിഡിയോ എടുക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. പണ്ട് അച്ഛന് ബോധരഹിതനായി വീഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് കൊടുത്ത പരിഗണന ഞാന്‍ കണ്ടതാണ്-പ്രിയങ്ക പറഞ്ഞു.