റിയാദ് - അപകടങ്ങൾക്കുള്ള നഷ്ടപരിഹാരം തേടി പല തവണ ക്ലെയിമുകൾ ഉന്നയിക്കുന്ന ഡ്രൈവർമാരുടെ വാഹനങ്ങൾക്കുള്ള പോളിസി നിരക്കുകൾ ഉയർത്താൻ ഇൻഷുറൻസ് കമ്പനികൾക്ക് നീക്കം. അപകട ചരിത്രമില്ലാത്ത ഡ്രൈവർമാരുടെ വാഹനങ്ങൾക്കുള്ള ഇൻഷുറൻസ് പോളിസി നിരക്ക് കുറക്കുന്നതിന് സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) ഇൻഷുറൻസ് കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ആവർത്തിച്ച് ക്ലെയിമുകൾ ഉന്നയിക്കുന്നവരുടെ വാഹനങ്ങൾക്കുള്ള പോളിസി നിരക്കുകൾ കമ്പനികൾ ഉയർത്തുന്നത്. നിലവിൽ എല്ലാ വിഭാഗം ഡ്രൈവർമാർക്കും ഒരേ പോളിസി നിരക്കാണ് കമ്പനികൾ നടപ്പാക്കുന്നത്.