റിയാദ് - വിനോദ സഞ്ചാര വ്യവസായ മേഖലാ സ്ഥാപനങ്ങളിലെ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് അറിയിച്ചു. ടൂറിസം മേഖലയിൽ ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്നതിനുള്ള പദ്ധതി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും മാനവശേഷി വികസന നിധിയുമായും സ്വകാര്യ മേഖലാ പങ്കാളികളുമായും സഹകരിച്ച് ടൂറിസം മേഖലാ മാനവശേഷി വികസന കേന്ദ്രം തയാറാക്കിവരികയാണ്. ഏറ്റവും പുതിയ ഫീൽഡ് പഠനങ്ങൾ പ്രകാരം ടൂറിസം മേഖലയിൽ സൗദിവൽക്കരണം 22.9 ശതമാനമാണ്. 2020 ഓടെ ഈ മേഖലയിൽ സൗദിവൽക്കരണം 23.2 ശതമാനമായി ഉയർത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിൽ നിലവിൽ ദൃശ്യമായ വളർച്ച കണക്കിലെടുത്താൽ ഈ ലക്ഷ്യം മറികടക്കുന്നതിന് സാധിക്കുമെന്നാണ് കരുതുന്നത്.
ഈ വർഷം ആദ്യ പാദത്തിൽ 46 പേർക്ക് ടൂർ ഗൈഡ് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അനുവദിച്ച ടൂർ ഗൈഡ് ലൈസൻസുകളെ അപേക്ഷിച്ച് ഈ കൊല്ലം എട്ടു ശതമാനം അധികം ലൈസൻസുകൾ അനുവദിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് 595 ടൂർ ഗൈഡുകളാണുള്ളത്. ഏറ്റവും കൂടുതൽ ടൂർ ഗൈഡുകളുള്ളത് റിയാദിലാണ്. ഇവിടെ 99 ടൂർ ഗൈഡുകളുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ 93 ഉം മൂന്നാം സ്ഥാനത്തുള്ള അൽഹസയിൽ 68 ഉം ടൂർ ഗൈഡുകളുണ്ടെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പറഞ്ഞു.
ആവശ്യം, ലഭ്യത, ടൂർ ഗൈഡുമാരുടെ പരിചയസമ്പത്ത്, വിദേശ ഭാഷാ പ്രാവീണ്യം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് ടൂർ ഗൈഡുമാരുടെ കൂലി നിശ്ചയിക്കുന്നത്. പരിചയസമ്പത്തിന്റെ അടിസ്ഥാനത്തിൽ ടൂർ ഗൈഡുമാർക്ക് ദിവസേന 300 റിയാൽ മുതൽ 1,000 റിയാൽ വരെ വരുമാനം ലഭിക്കുന്നുണ്ടെന്ന് സൗദി ടൂർ ഗൈഡ് അസോസിയേഷൻ പറയുന്നു. പ്രതിദിനം ശരാശരി 600 റിയാൽ വീതം ടൂർ ഗൈഡുമാർക്ക് വരുമാനം ലഭിക്കുന്നുണ്ട്.
ടൂർ ഗൈഡുമാരായി പ്രവർത്തിക്കുന്നതിന് ആഗ്രഹിക്കുന്നവരിൽ നിന്നുള്ള അപേക്ഷകൾ വർധിച്ചുവരികയാണ്. ഈ രംഗത്ത് കഴിവു തെളിയിക്കണമെന്ന് ആഗ്രഹിക്കുന്നവർ മറ്റുള്ളവരുമായി ആശയ വിനിമയം നടത്തുന്നതിൽ നൈപുണ്യം ഉയർത്തുകയും മറ്റു ജനവിഭാഗങ്ങളുടെ ആചാരങ്ങളും പാരമ്പര്യങ്ങളും അറിയുകയും സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും ആഴത്തിൽ മനസ്സിലാക്കുകയും ചരിത്ര, പുരാവസ്തു കേന്ദ്രങ്ങളെ കുറിച്ച അറിവ് വർധിപ്പിക്കുകയും വേണമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പറഞ്ഞു.