കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാര്‍ത്താ വിതരണ മന്ത്രാലയം തോക്കുധാരികള്‍ ആക്രമിച്ചു. ശനിയാഴ്ച പ്രാദേശിക സമയം 11.40 നാണ് സ്‌ഫോടനത്തോടെ ആക്രമണം തുടങ്ങിയത്. ആറു മണിക്കൂര്‍ നീണ്ട വെടിവെപ്പ് അവസാനിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമികളിലൊരാള്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചിരുന്നുവെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആറു പേര്‍ക്ക് പരിക്കുണ്ട്.
അഫ്ഗാന്‍ ഉദ്യോഗസ്ഥരും താലിബാന്‍ പ്രതിനിധികളും തമ്മില്‍ നടന്നിരുന്ന ചര്‍ച്ച നിര്‍ത്തിവെച്ചിരുന്നുവെങ്കിലും ആക്രമണത്തിനു പിന്നില്‍ തങ്ങളല്ലെന്ന് താലബാന്‍ അറിയിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നുവെങ്കിലും മാസങ്ങളായി താരതമ്യേന കാബൂള്‍ ശാന്തമായിരുന്നു.
നഗര ഹൃദയത്തില്‍ തിരക്കേറിയ പ്രദേശത്താണ് പുതിയ ആക്രമണം. ഇവിടെ പ്രസിഡന്റിന്റെ കൊട്ടാരവും ഏതാനും മന്ത്രാലയങ്ങളും ഏറ്റവും പ്രശസ്തമായ ഹോട്ടലും സ്ഥിതി ചെയ്യുന്നു. ഒരാള്‍ കെട്ടിടത്തിനകത്ത് പ്രവേശിച്ചപ്പോള്‍ രണ്ടാമത്തെയാള്‍ ചുറ്റുമതിലിനു പുറത്ത് ബോംബ് പൊട്ടിച്ചതാണെന്ന് കരുതുന്നു. മൂന്നാമത്തെയാളെ പോലീസ് വെടിവെച്ചു കൊന്നു. അഫ്ഗാന്‍ സന്ദര്‍ശിക്കുന്ന വിദേശികള്‍ കാബൂളില്‍ പ്രധാനമായും തെരഞ്ഞെടുക്കുന്ന സെറേന ഹോട്ടല്‍ ആക്രമണം നടന്ന മന്ത്രാലയത്തിനു സമീപമാണ്. കാബൂളിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നാണ് 18 നിലയുള്ള വാര്‍ത്താ വിതരണ മന്ത്രാലയം. നൂറുകണക്കിനാളുകളെ കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചിരുന്നു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രാലയത്തില്‍ നടത്തിയ ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ വക്താവ് സബിയുല്ലാഹ് മുജാഹിദ് പറഞ്ഞു.