Sorry, you need to enable JavaScript to visit this website.

പതിമൂന്ന് മക്കളെ ചങ്ങലയ്ക്കിട്ട് പീഡിപിച്ച യു.എസ് ദമ്പതികള്‍ക്ക് 25 വര്‍ഷം ജയില്‍

ലൂയിസ് (ഇടത്തേയറ്റം ) ഡേവിഡ് ടര്‍പിന്‍ (വലത്തുനിന്ന് രണ്ടാമത്)

റിവര്‍സൈഡ്, കലിഫോര്‍ണിയ- മക്കളെ വര്‍ഷങ്ങളോളം തടവിലിട്ട് പീഡിപ്പിച്ച കേസില്‍ ഡേവിഡ്-ലൂയിസ് ടര്‍പിന്‍ ദമ്പതികള്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഇരുവരും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. വര്‍ഷങ്ങളോളം അനുഭവിച്ച പീഡനം മക്കള്‍ കോടതി മുമ്പാകെ വിവരിക്കുകയും ചെയ്തു.

http://malayalamnewsdaily.com/sites/default/files/2019/04/20/trupincry.png
മാതാപിതാക്കള്‍ എന്റെ ജീവിതം മുഴുവന്‍ കവര്‍ന്നെടുത്തു- കോടതിയില്‍ തെളിവ് നല്‍കാനെത്തിയ പെണ്‍മക്കളിലൊരാള്‍ പറഞ്ഞു. മാതാപിതാക്കള്‍ തങ്ങളെ എങ്ങനെ പീഡിപ്പിച്ചുവെന്ന് കോടതിയില്‍ മൊഴിനല്‍കാനെത്തിയ രണ്ടുമക്കളില്‍ കോടതി രേഖകളില്‍ ജേന്‍ ഡോ എന്നു പേരു നല്‍കിയ മകളാണ് ഇങ്ങനെ പറഞ്ഞത്. ഇരുവരും ഇപ്പോള്‍ കോളേജില്‍ പഠിക്കുകയാണ്.  രണ്ടു പേരും ഭാവയിലേക്കുള്ള ശുഭപ്രതീക്ഷയിലാണ്. ഞാന്‍ എന്റെ ജീവിതം തിരിച്ചു പിടിക്കുകയാണ്- ജേന്‍ പറഞ്ഞു.  
2018 ജനുവരിയിലാണ് അമേരിക്കയിലെ കലിഫോര്‍ണിയയില്‍ 13 മക്കളെ ചങ്ങലയ്ക്കിട്ട് ക്രൂരമായി പീഡിപ്പിച്ച കേസില്‍ പിതാവ് ഡേവിഡ് അലന്‍ ടര്‍പിന്നും (57)  മാതാവ് ലൂയിസ് അന്ന ടര്‍പിനും (47)  അറസ്റ്റിലായത്. വീട്ടില്‍നിന്ന് രക്ഷപ്പെട്ട മക്കളില്‍ ഒരാള്‍ പോലീസിനെ വിളിച്ചതോടെയാണ് രണ്ട് മുതല്‍ 29 വയസ്സുവരെ പ്രായമുള്ള മക്കളെ ക്രൂരമായി പീഡിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റിലായത്. പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ വീട്ടിലടച്ചിട്ട കുട്ടികള്‍ക്ക് ഭക്ഷണമോ മരുന്നോ നല്‍കിയിരുന്നില്ലെന്നും കുളിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. ആഴ്ചകളോളം, ചിലപ്പോള്‍ മാസങ്ങളോളം ഇവരെ ചങ്ങലയ്ക്കിട്ടിരുന്നുവെന്ന് റിവര്‍സൈഡ് ഡിസ്ട്രക്ട് അറ്റോര്‍ണി കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സ്വതന്ത്ര ജീവിതം നയിക്കുകയാണെന്നും ജീവിതം മഹത്തരമാണെന്നും വെള്ളിയാഴ്ച കോടതിയിലെത്തിയ പെണ്‍കുട്ടികളിലൊരാള്‍ പറഞ്ഞു.  
താനൊരു പോരാളിയാണെന്നും ശക്തയാണെന്നും ജീവിതത്തെ റോക്കറ്റ് പോലെ തൊടുക്കുകയാണെന്നും അവള്‍ പറഞ്ഞപ്പോള്‍ കോടതിയില്‍ ഹാജരായിരുന്ന മാതാവ് പൊട്ടിക്കരഞ്ഞു.

http://malayalamnewsdaily.com/sites/default/files/2019/04/20/kids.png
മാതാപിതാക്കളുടെ പ്രവൃത്തി സ്വാര്‍ഥവും ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നു ജസ്റ്റിസ് ബര്‍ണാഡ് ഷ്വാര്‍ട്‌സ് പറഞ്ഞു. മാതാപിതാക്കള്‍ക്കും കുടുംബത്തിനും മാത്രമല്ല, സമൂഹത്തിനു തന്നെ കിട്ടിയ ദാനമാണ് കുട്ടികള്‍. എന്നാല്‍ ഈ കുട്ടികള്‍ക്ക് പഠിക്കാനും സമൂഹവുമായി ഇടപെടാനുമുള്ള അവസരം മാതാപിതാക്കള്‍ നഷ്ടപ്പെടുത്തിയെന്നു  ജഡ്ജി പറഞ്ഞു.
കേസിന്റെ വിചാരണ വേളയില്‍ ഡേവിഡും ലൂയിസും ഖേദം പ്രകടിപ്പിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. കുട്ടികളെ ഉപദ്രവിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും അവരെ താന്‍ സ്‌നേഹിക്കുന്നുവെന്നും ഡേവിഡ് പറഞ്ഞു. കുട്ടികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും ദൈവത്തിന് അവര്‍ക്കായി പ്രത്യേത പദ്ധതിയുണ്ടെന്നു വിശ്വസിക്കുന്നതായും ലൂയിസ് കോടതിയില്‍ പറഞ്ഞു.
രക്ഷപ്പെട്ട 17 കാരി  നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ പരിശോധനക്കെത്തിയ പോലീസ് ദുര്‍ഗന്ധം വമിക്കുന്ന  മുറികളിലെ കട്ടിലുകളില്‍ കെട്ടിയിട്ട നിലയിലാണ് കുട്ടികളെ കണ്ടെത്തിയത്.  വര്‍ഷങ്ങളോളം കെട്ടിയിട്ടതിന്റെ ഫലമായി വളര്‍ച്ച മുരടിച്ച സ്ഥിതിയിലായിരുന്നു ഇവരില്‍ പലരും. ചിലരുടെ കൃത്യമായ പ്രായമെത്രയെന്നു മനസിലാക്കാന്‍ പോലും സാധിച്ചില്ല. കുട്ടികള്‍ പുറംലോകത്തു നിന്നു തീര്‍ത്തും ഒറ്റപ്പെട്ടു കഴിയുകയായിരുന്നുവെന്നും അവര്‍ക്ക് കൃത്യമായി ഭക്ഷണമോ വൈദ്യസഹായമോ നല്‍കിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
കേസില്‍ നാല് കുട്ടികളാണ് കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയത്.  മറ്റുള്ളവര്‍ അവരുടെ മൊഴികള്‍ കോടതിയില്‍ എഴുതി നല്‍കി. ചിലര്‍ മാതാപിതാളോട് ദേഷ്യമില്ലെന്നു അറിയിച്ചപ്പോള്‍ തങ്ങളുടെ വെറുപ്പും രോഷവും മുഴുവന്‍ പുറത്തുകാണിക്കാന്‍ മറ്റുചിലര്‍ മടിച്ചില്ല. സഹോദരങ്ങളെ ചങ്ങലയ്ക്കിട്ടതും ക്രൂരമായി അടിച്ചതും ഓര്‍ത്ത്  ചില രാത്രികളില്‍ ഞാന്‍ ഉറക്കത്തില്‍ നിന്നു ഞെട്ടി എഴുന്നേല്‍ക്കാറുണ്ട്. പക്ഷേ കഴിഞ്ഞത് കഴിഞ്ഞു, ഞാന്‍ ഇപ്പോള്‍ മാതാപിതാക്കളെ അതിയായി സ്‌നേഹിക്കുന്നു- ജഡ്ജി മുമ്പാകെ ഒരു കുട്ടി ഇങ്ങനെയാണ് പറഞ്ഞത്.


 

 

Latest News