ന്യൂദൽഹി- ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഉൾപ്പെട്ട ലൈംഗികാപവാദ കേസിൽ സുപ്രീം കോടതിയിൽ നടന്നത് അസാധാരണ നടപടിക്രമങ്ങൾ.
പണം നൽകി എന്നെ സ്വാധീനിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയവരാണ് കുടുക്കാൻ മറ്റു വഴികൾ സ്വീകരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അടുത്ത ആഴ്ച ഞാൻ സുപ്രധാനമായ ചില കേസുകൾ കേൾക്കേണ്ടതാണ്. അത് ഒഴിവാക്കാനാണ് ആരോപണം ഉയർത്തുന്നതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് കോടതിയിൽ ഇന്ന് നടന്ന പ്രധാന വാദങ്ങൾ
ചീഫ് ജസ്റ്റിസ്: വളരെ അടിയന്തിര പ്രാധാന്യം ഉള്ള വിഷയം സോളിസിറ്റർ ജനറൽ ശ്രദ്ധയിൽ പെടുത്തിയത് കൊണ്ടാണ് ഇന്ന് ഈ പ്രത്യേക ബെഞ്ച് ഇരിക്കുന്നത്. ഇന്നലെ വൈകിട്ട് എന്റെ ഓഫീസിലേക്ക് വയർ, കാരവൻ, സ്‌ക്രോൾ എന്നിവയിൽ നിന്ന് ഒരു മെയിൽ ലഭിച്ചു. എനിക്ക് എതിരെ സുപ്രീം കോടതിയിലെ ഒരു മുൻ ജീവനക്കാരി ഉന്നയിച്ച പരാതിയെ കുറിച്ച് ആരാഞ്ഞു കൊണ്ട് ആയിരുന്നു ആ മെയിൽ. സുപ്രീം കോടതി റജിസ്ട്രർ ജനറൽ ആ മെയിലുകൾക്ക് മറുപടി നൽകി.
എന്നോട് ഒപ്പം ഈ ജീവനക്കാരി ഒന്നര മാസം പ്രവർത്തിച്ചിരുന്നു. അവരെ പിന്നീട് പിരിച്ചു വിടുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ അവർക്കെതിരെ അന്വേഷണം നടക്കുകയാണ്. എനിക്ക് എതിരെ ഉന്നയിച്ച ആരോപണം തികച്ചും അവിശ്വസനീയമാണ്. നിഷേധിക്കാൻ പോലും അർഹത ഉള്ള ആരോപണം അല്ല അത്. ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചന ഉണ്ട്. സാമ്പത്തിക വിഷയത്തിൽ എനിക്ക് എതിരെ ആരോപണം ഉന്നയിക്കാൻ കഴിയില്ല. ഇരുപത് വർഷത്തെ സർവീസ് ഉള്ള എനിക്ക് ആകെ ഉള്ള ബാങ്ക് ബാലൻസ് ആറു ലക്ഷത്തി എൺപതിനായിരം രൂപ മാത്രം ആണ്. പണത്തിലൂടെ എന്നെ സ്വാധീനിക്കാനാകില്ല. അത് കൊണ്ട് അവർ ഇത് കൊണ്ട് വന്നു.
പത്ത് മണിക്കൂറിനുള്ളിൽ മറുപടി നൽകാനാണ് എന്നോട് ആവശ്യപ്പെട്ടത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭീഷണി നേരിടുന്നു. ഇത് ഈ കസേരയിൽ ഇരുന്നു കൊണ്ട് ഞാൻ നിങ്ങളോട് പറയണം എന്ന് തോന്നി. ഇത്തരം വിപത്തുകൾക്ക് ഇടയിൽ ജോലി ചെയ്യേണ്ട സാഹചര്യം ആണെങ്കിൽ നല്ല ആൾക്കാർ ആരും ന്യായാധിപൻമാരാകാൻ കടന്ന് വരില്ല. ഭയമോ, പക്ഷപാതമോ ഇല്ലാതെ ഞാൻ എന്റെ കാലാവധി കഴിയുന്നത് വരെ ജോലി തുടരും. സൽപേര് മാത്രമാണ് ഒരു ന്യായാധിപന് ഉള്ളത്. അത് നഷ്ടമാകുകയാണെങ്കിൽ പിന്നെ ഏത് ന്യായാധിപൻ കേസ്സുകളിൽ തീർപ്പ് കൽപ്പിക്കാൻ തയ്യാറാകും. കാര്യങ്ങൾ വളരെ സങ്കീർണം ആണ്. ജുഡീഷ്യറിയെ ബലിയാടാക്കാൻ അനുവദിക്കില്ല. ഈ കേസിൽ ജുഡീഷ്യൽ വിധി പുറപ്പവിക്കുന്നില്ല. അത് മുതിർന്ന ജഡ്ജി ആയ അരുൺ മിശ്ര പുറപ്പെടുവിക്കുമെന്നും രഞ്ജൻ ഗൊഗോയ് പറഞ്ഞു.
വ്യവസ്ഥിതിയിൽ വിശ്വാസം ഇല്ലെങ്കിൽ പിന്നെ എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു.
കോടതിയെ സഹായിക്കുന്ന ഉദ്യോഗസ്ഥൻ ആയ ഞാൻ സർക്കാരിനെ പ്രതിരോധിക്കുന്നത് കൊണ്ട് തനിക്കെതിരെയും വ്യക്തിപരമായ ആക്രമണം ഉണ്ടാകുന്നുവെന്ന് അറ്റോർണി ജനറൽ പറഞ്ഞു.
ഈ വിഷയം വളരെ ഗൗരവത്തോടെ എടുക്കണമെന്നും യുവതിക്ക് എതിരെ സ്വമേധയാ കോടതി കേസ് രജിസ്റ്റർ ചെയ്യണമെന്നും തുഷാർ മേത്ത വ്യക്താക്കി.
അതേസമയം, ഇപ്പോൾ വിധി പ്രസ്താവിക്കുന്നില്ലെന്നും മാധ്യമങ്ങൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും സുപ്രീം കോടതി മുൻ ജീവനക്കാരിയുടെ പരാതിയുടെ നിജസ്ഥിതി ഉറപ്പ് വരുത്തിയ ശേഷമേ പ്രസിദ്ധീകരിക്കാവെന്നും ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ ഉത്തരവിട്ടു.
ബി.എൻ ബാലഗോപാൽ നായരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്