ന്യൂദല്‍ഹി- സുപ്രീം കോടതി മുന്‍ ജീവനക്കാരി തനിക്കെതിരെ ഉന്നയിച്ച ലൈംഗികാപവാദം അടിസ്ഥാന രഹിതമാണെന്നും മറുപടി അര്‍ഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്. ആരോപണം അദ്ദേഹം നിഷേധിച്ചു. അടുത്ത ആഴ്ചകളില്‍ സുപ്രധാന കേസുകള്‍ പരിഗണനയ്‌ക്കെടുക്കാനിരിക്കെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പണം നല്‍കിയ സ്വാധീനിക്കാന്‍ കഴിയാത്ത ആളാണ് താന്‍ എന്നു മനസ്സിലാക്കിയാണ് അവര്‍ ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്തു വരുന്നതെന്നും ഇത്തരം ഭീഷണികള്‍ കോടതിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചിഫ് ജസ്റ്റിസിനോടൊപ്പം ഒന്നര മാസം ജോലി ചെയ്ത ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കഴിഞ്ഞ ദിവസം പരാതിയും സത്യവാങ്മൂലവും നല്‍കിയത്. ഈ യുവതിയെ സുപ്രീം കോടതി പിരിച്ചുവിടുകയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇവര്‍ക്കെതിരെ രണ്ടു കേസുകളും ഭര്‍ത്താവിനെതിരെ ഒരു കേസും ഉണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതാണ്.
20 വര്‍ഷമായി ജഡ്ജിയായി സര്‍വീസുള്ള തന്റെ ബാങ്ക് ബാലന്‍സ് 6.8 ലക്ഷം രൂപ മാത്രമാണ്. പണം നല്‍കി എന്നെ സ്വാധീനിക്കാന്‍ ആര്‍ക്കും കഴിയില്ല. വെല്ലുവിളികല്‍ നിറഞ്ഞതാണ് ജഡ്ജിയുടെ ജോലി. ഇത്തരം ഭീഷണികള്‍ക്കിടയില്‍ ജഡ്ജിയായി ജോലി ചെയ്യാന്‍ നല്ല ന്യായാധിപന്മാര്‍ മുന്നോട്ടു വരില്ല. ഈ ആരോപണവും ഭയക്കുന്നില്ലെന്നും കാലാവധി പൂര്‍ത്തിയാക്കുന്നതു വരെ ജോലി തുടരുമെന്നും ചീഫ് ജസ്റ്റിസ് ഗോഗോയ് വ്യക്തമാക്കി. പണത്തിന്റെ സ്വാധീനത്തിന് വഴങ്ങില്ലെന്ന് അറിയുന്നതു കൊണ്ടാണ് അവര്‍ ഇത്തരം ആരോപണം കൊണ്ടു വന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
കാരവന്‍, വയര്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ് എന്നീ നാലു വാര്‍ത്താ പോര്‍ട്ടലുകളാണ് ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാപവാദ വാര്‍ത്ത ആദ്യം പുറത്തു കൊണ്ടു വന്നത്. ഇവരില്‍ നിന്നും മെയില്‍ ലഭിച്ചിരുന്നുവെന്ന് ജസ്റ്റിസ് ഗൊഗോയ് പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ജാഗ്രത വേണം. മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ആരോപണത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തി മാത്രമെ വാര്‍ത്ത നല്‍കാവൂ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, സജ്ഞീവ് ഖന്ന എന്നിവര്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ താന്‍ വിധി പറയുന്നില്ലെന്നും മുതിര്‍ന്ന ജഡ്ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇതു പിന്നീട് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വെട്ടിലായ റഫാല്‍ അഴിമതി രേഖകള്‍ പരിശോധിക്കുന്ന കേസും, 50 ശതമാനം വിവിപാറ്റ് രശീതുകള്‍ എണ്ണണമെന്ന കേസുമടക്കം സുപ്രധാന കേസുകള്‍ ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അടുത്ത ആഴ്ച പരിഗണിക്കാനിരിക്കെയാണ് ഇത്തരം ഒരു ആരോപണം ഉയര്‍ന്നിട്ടുള്ളത്. ഈ വിഷയം പരിഗണി്ക്കാന്‍ അസാധാരണമായാണ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് അവധി ദിവസമായിട്ടും ശനിയാഴ്ച സിറ്റിങ് നടത്തിയത്.