മുംബൈ- സര്‍വീസ് നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സിന്റെ 100 പൈലറ്റുമാരുള്‍പ്പെടെ അഞ്ഞൂറിലേറെ ജീവനക്കാരെ ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ്‌ജെറ്റ് ജോലിക്കെടുത്തു. 200ലേറെ കേബിന്‍ ക്രൂ, 200ലേറെ ടെക്‌നിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാരേയുമാണ് കമ്പനി നിയമിച്ചത്. അവസരം മുതലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങി സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങുന്ന സ്‌പൈസ്‌ജെറ്റ് ഇനിയും ജെറ്റ് ജീവനക്കാരെ എടുക്കുമെന്നും അറിയിച്ചു. തങ്ങളുടെ റിക്രൂട്ട്‌മെന്റില്‍ പ്രഥമ പരിഗണന ജോലി നഷ്ടപ്പെട്ട ജെറ്റ് ജീവനക്കാര്‍ക്കാണെന്ന് സ്‌പൈസ്‌ജെറ്റ് ചെയര്‍മാനും എംഡിയുമായ അജയ് സിങ് പറഞ്ഞു. മുംബൈ, ദല്‍ഹി നഗരങ്ങള്‍ കേന്ദ്രീകരിച്ച് പുതുതായി 24 ആഭ്യന്തര സര്‍വീസുകള്‍ കഴിഞ്ഞ ദിവസം സ്‌പൈസ്‌ജെറ്റ് പ്രഖ്യാപിച്ചിരുന്നു.
22 ബോയിങ് 737 വിമാനങ്ങളും അഞ്ച് ബോംബാഡിയര്‍ ക്യു400 വിമാനങ്ങളും ഉള്‍പ്പെടെ 27 പുതിയ വിമാനങ്ങള്‍ കൂടി സ്‌പൈസ്‌ജെറ്റ് ഉടന്‍ സര്‍വീസിനായി ഇറക്കും. ജെറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര, രാജ്യാന്തര യാത്രാ സൗകര്യക്കുറവ് നികത്താന്‍ ലക്ഷ്യമിട്ടാണിത്.
പുതിയ 24 സര്‍വീസുകള്‍ ഏപ്രില്‍ 26-നും മേയ് രണ്ടിനുമിടയില്‍ പറന്നു തുടങ്ങുമെന്നും കമ്പനി അറിയിച്ചു. മുംബൈ കേന്ദ്രീകരിച്ച് ജിദ്ദ, റിയാദ്, ദുബായ്, ഹോങ്കോങ്, ധാക്ക, ബാങ്കോക്ക്, കാഠമണ്ഡു, കൊളംബോ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള നോണ്‍സ്റ്റോപ് രാജ്യാന്തര സര്‍വീസുകള്‍ തുടങ്ങുമെന്നും കമ്പനി അറിയിച്ചിരുന്നു.