ഗുഡ് ഗാവ്- നഗരത്തിനടുത്ത പട്ടോഡിയില്‍ അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ട സഹോദരിമാര്‍ വീടിനടുത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി മരിച്ചു. പട്ടിക്കുഞ്ഞുങ്ങളെ കാണാന്‍ പുറത്തിറങ്ങിയ കുട്ടികളെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിനിടെയാണ് കുട്ടികള്‍ കാറിനുള്ളില്‍ ബോധരഹിതരായി കണ്ടത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികള്‍ നേരത്തെ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പറയുന്നു. മരിച്ച ഹര്‍ഷ, ഹര്‍ഷിത സഹോദരിമാര്‍ സൈനികന്‍റെ മക്കളാണ്.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ വൈകുന്നേരം 7.30-നാണ് കുട്ടികളെ കാറിനുള്ളില്‍ അകപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വെളിച്ചക്കുറവു മൂലം കുട്ടികളെ തിരക്കിയിറങ്ങിയ മുത്തച്ഛനും മുത്തശ്ശിക്കും കാറിനുള്ളിലെ കുട്ടികളെ കണ്ടെത്താനായില്ലെന്ന് പോലീസ് പറഞ്ഞു. കാറിന്‍റെ ഡോര്‍ഹാന്‍ഡ്ല്‍ അകത്തു നിന്ന് തുറക്കാന്‍ കഴിയുമായിരുന്നില്ല. ഇതു ശരിയായി പ്രവര്‍ത്തിക്കാത്തതാകാം ഇവര്‍ കാറിനുള്ളില്‍ കുടുങ്ങാന്‍ കാരണമായതെന്ന് പോലീസ് പറഞ്ഞു. കേസെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.