Sorry, you need to enable JavaScript to visit this website.

ലാലു ഇല്ലെങ്കിലും ലാലു ഉണ്ട് 


നിരവധി പതിറ്റാണ്ടുകൾക്കു ശേഷം ബിഹാർ ഇത്തവണ അഭിമുഖീകരിക്കുന്നത് ലാലു പ്രസാദ് യാദവ് പ്രചാരണത്തിനില്ലാത്ത തെരഞ്ഞെടുപ്പാണ്. അഴിമതിക്കേസിൽ ജയിലിലാണ് ആർ.ജെ.ഡി നേതാവ്. റാഞ്ചിയിലെ ആശുപത്രിയിൽ വിശ്രമിക്കുന്നു. പക്ഷെ ലാലുവിന്റെ കരസ്പർശം ബിഹാറിൽ മഹാസഖ്യത്തിന്റെ പ്രചാരണത്തിൽ അടിമുടി പതിഞ്ഞുനിൽക്കുന്നു. ഇളയ മകൻ തേജസ്വി യാദവിനെ പിൻഗാമിയായി നിശ്ചയിച്ചതു മുതൽ, സീറ്റ് വീതരണവും സഖ്യ ചർച്ചയും വരെ എല്ലായിടത്തും ലാലുവിന്റെ കണ്ണുണ്ട്. സഖ്യകക്ഷി നേതാക്കൾ സ്ഥിരമായി ലാലുവിനെ ആശുപത്രിയിൽ സന്ദർശിക്കുന്നു. ഒരു കാര്യത്തിൽ മാത്രമാണ് നഷ്ടം. കുറിക്കു കൊള്ളുന്ന തമാശകളുമായുള്ള ലാലുവിന്റെ പ്രചാരണം ആസ്വദിക്കാൻ ബിഹാറിനും രാജ്യത്തിനും ഇത്തവണ യോഗമില്ല. എങ്കിലും ആർ.ജെ.ഡി റാലികളിലും മഹാസഖ്യത്തിന്റെ പോസ്റ്ററുകളിലും ലാലു ചിരിതൂകി നിൽക്കുന്നുണ്ട്. 1997 ൽ ആർ.ജെ.ഡി രൂപീകരിച്ച ശേഷം ലാലു നേരിട്ട് പ്രചാരണ രംഗത്തില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. പക്ഷെ ബ്ലോഗുകളിലൂടെയും ട്വീറ്റുകളിലൂടെയും ലാലു സാന്നിധ്യം നിലനിർത്തുന്നുണ്ട്. തന്റെ ഓരോ അനുയായിയും ലാലുവായി മാറി ബി.ജെ.പിയെ നേരിടേണ്ടതുണ്ടെന്ന് ഈയിടെ ആശുപത്രിയിൽനിന്നെഴുതിയ ബ്ലോഗിൽ അദ്ദേഹം അണികളോട് നിർദേശിച്ചു. 
ഗോപാൽഗഞ്ച് മുതൽ റയ്‌സാന വരെ എന്ന ലാലുവിന്റെ ആത്മകഥ സമയോചിതമായി രണ്ടാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. തനിക്ക് ഇത്തവണ പ്രചാരണ രംഗത്ത് ഇറങ്ങാനാവില്ലെന്ന് അതിൽ അദ്ദേഹം മുൻകൂട്ടി കാണുന്നുണ്ട്. ലാലുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി വരെ പോയിട്ടും നിരസിക്കപ്പെടുകയായിരുന്നു. 
ജേണലിസ്റ്റ് നളിൻ വർമയുമായി ചേർന്നെഴുതിയ പുസ്തകത്തിൽ ലാലു പറയുന്നു: 'രാജ്യത്തെ ഫ്യൂഡൽ, വർഗീയ ശക്തികൾക്കെതിരെ നിയമത്തിന്റെ പരിധിയിൽനിന്നു കൊണ്ട് രാഷ്ട്രീയപ്പോരാളിയാവാനാണ് ഞാൻ തീരുമാനിച്ചത്. പുതിയ തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുമ്പോൾ എനിക്ക് ഒട്ടും ആശങ്കയില്ല. കാരണം പുതിയ തലമുറ നേതാക്കൾ പാർട്ടിയുടെ നേതൃത്വമേറ്റെടുക്കുകയും പുതിയ ഇന്ത്യയെ രൂപപ്പെടുത്താൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്'.
ഇക്കാര്യത്തിൽ ലാലു എടുത്ത ഏറ്റവും നിർണായക തീരുമാനം ചുമതല ഇളയ മകൻ തേജസ്വിക്ക് കൈമാറുകയെന്നതായിരുന്നു. മൂത്ത മകൻ തേജ്പ്രതാപ് പ്രതിഷേധത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചിട്ടും ലാലു ഇളകിയില്ല. രണ്ടു സീറ്റിലെങ്കിലും, ജെഹനാബാദിലും ഷ്യോഹാറിലും, തന്റെ ഇഷ്ടക്കാരെ സ്ഥാനാർഥികളാക്കണമെന്ന തേജ്പ്രതാപിന്റെ ആവശ്യം ലാലു അംഗീകരിച്ചില്ല. പറ്റ്‌ന 10 സർക്കുലർ റോഡിലെ കുടുംബവസതിയിൽനിന്ന് തേജ്പ്രതാപിന് പടിയിറങ്ങേണ്ടി വന്നു, തേജസ്വി പൂർണമായി അധികാരം പിടിച്ചു. ഇപ്പോൾ ആർ.ജെ.ഡിയുടെ ഇലക്ഷൻ ഓഫീസാണ് ഫലത്തിൽ ഈ വസതി. നേതാക്കളും സ്ഥാനാർഥികളും പതിവായി തേജസ്വിയെ ഇവിടെ സന്ദർശിക്കുന്നു.
ആർ.ജെ.ഡിയുടെ മാത്രമല്ല സഖ്യ കക്ഷികളുടെ സ്ഥാനാർഥി നിർണയത്തിൽ വരെ ലാലുവിന്റെ ഇടപെടലുണ്ട്. മുസ്‌ലിം-യാദവ വോട്ട് ബാങ്കിനെ ഉലയ്ക്കാത്ത രീതിയിലായിരിക്കണം സ്ഥാനാർഥി നിർണയമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു. മുസ്‌ലിംകളും യാദവരും ബിഹാറിൽ 32 ശതമാനത്തോളം വരും. ഏറ്റവും പിന്നോക്കക്കാരെയും യാദവരല്ലാത്തവരെയും സഖ്യത്തിന്റെ ഭാഗമാക്കാൻ ഇത്തവണ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. 40 ശതമാനത്തോളം സമുദായ വോട്ടുകൾ ഇതുവഴി മഹാസഖ്യം ഉറപ്പാക്കുന്നു. 
ഒരുകാലത്ത് അഴിമതിക്കാരനെന്നു പറഞ്ഞ് തന്നിൽനിന്ന് അകന്നുനിന്ന രാഹുൽ ഗാന്ധിയുമായി സഖ്യ ചർച്ചക്ക് ലാലു മടിച്ചില്ല. 2014 ൽ മൂന്നു സീറ്റ് നേടിയ കോൺഗ്രസിന് ഒമ്പതു സീറ്റുകൾ നൽകി. പുതിയ സഖ്യകക്ഷികൾക്ക് 12 സീറ്റുകൾ മാറ്റിവെച്ചു. 2014 ൽ നാല് സീറ്റ് കിട്ടിയ ആർ.ജെ.ഡി 19 സീറ്റുകളിലാണ് മത്സരിക്കുന്നത്. മുസ്‌ലിം-യാദവ വോട്ട് ബാങ്കിനപ്പുറത്തേക്ക് നീങ്ങാനുള്ള ശ്രമമാണ് മഹാസഖ്യത്തിലൂടെ ആർ.ജെ.ഡി ശ്രമിക്കുന്നത്. ജീതൻ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ചക്കും മുകേഷ് നിഷാദിന്റെ വികാസശീൽ ഇൻസാൻ പാർട്ടിക്കും മഹാദലിതുകൾക്കിടയിലാണ് സ്വാധീനം. യാദവേതര ഒ.ബി.സിക്കാർക്കിടയിൽ സ്വാധീനമുള്ള ഉപേന്ദ്ര കുശവാഹയുടെ രാഷ്ട്രീയ ലോകശക്തി പാർട്ടിക്ക് മൂന്നു സീറ്റ് നൽകി. ഒരു സീറ്റിൽ സി.പി.ഐ (എം.എൽ) യെയും മഹാസഖ്യം പിന്തുണക്കുന്നുണ്ട്. 
ബെഗുസരായിയിൽ സി.പി.ഐ സ്ഥാനാർഥി കനയ്യകുമാറിനെ പിന്തുണക്കാതിരുന്നത് മാത്രമാണ് ആർ.ജെ.ഡിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. ആർ.ജെ.ഡി ഒഴികെ എല്ലാ സഖ്യകക്ഷികളും കനയ്യയെ പിന്തുണക്കാൻ തയാറായിരുന്നു. എന്നാൽ ഭാവിയിൽ തനിക്ക് എതിരാളിയായി വരാൻ സാധ്യതയുണ്ടെന്ന് ഭയന്ന തേജസ്വി യാദവാണ് ഇതിനെ എതിർത്തതെന്ന് സൂചനയുണ്ട്. എന്നാൽ ബെഗുസരായിയിൽ കഴിഞ്ഞ ഇലക്ഷനിൽ രണ്ടാം സ്ഥാനത്ത് ആർ.ജെ.ഡി ആയിരുന്നുവെന്നും അതുകൊണ്ടാണ് കഴിഞ്ഞ തവണ മത്സരിച്ച തൻവീർ ഹസനെ തന്നെ സ്ഥാനാർഥിയാക്കിയതെന്നും ആർ.ജെ.ഡി പറയുന്നു. 
ലാലുവിനെ പോലെ നർമ മധുരമായി സംസാരിക്കുന്ന ആരും ഇത്തവണ ബിഹാറിൽ പ്രചാരണത്തിനില്ല. കഴിഞ്ഞ ഇലക്ഷനിൽ ലാലുവിനെ ശൈതാൻ എന്ന് മോഡി വിളിച്ചപ്പോൾ ബ്രഹ്മരക്ഷസിനെ ഓടിക്കൂ എന്നു പറഞ്ഞാണ് ലാലു അതിനെ നേരിട്ടത്. മറ്റു പ്രഭാഷകരൊക്കെ പറഞ്ഞതു തന്നെ ആവർത്തിക്കുകയാണ് ചെയ്യുകയെന്നും എന്നാൽ ലാലുവിന് ഓരോ പ്രദേശത്തെയും ജനങ്ങളെ കൈയിലെടുക്കാനുള്ള വാചകക്കസർത്തുണ്ടെന്നും ആത്മകഥ എഴുതാൻ സഹായിച്ച നളിൻ വർമ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ലാലുവിന്റെ കഴിവ് അപാരമാണെന്ന് ആർ.ജെ.ഡി വക്താവ് ശിവാനന്ദ് തിവാരി പറഞ്ഞു. 
ലാലു പ്രചാരണ രംഗത്ത് ഇല്ലാത്തത് ഗുണമാണെന്ന് എൻ.ഡി.എയും കരുതുന്നില്ല. ജയിലിലിരുന്ന് ലാലുവാണ് ഇലക്ഷൻ നിയന്ത്രിക്കുന്നതെന്ന് ബി.ജെ.പി നേതാവും ഉപമുഖ്യമന്ത്രിയുമായ സുശീൽ മോഡി പറഞ്ഞു. 1977 ൽ രാഷ്ട്രീയത്തിലെത്തുകയും ഇരുപത്തൊമ്പതാം വയസ്സിൽ ആദ്യമായി ലോക്‌സഭ കാണുകയും ചെയ്ത ലാലുവിന്റെ പരിചയസമ്പത്ത് മറ്റാർക്കും അവകാശപ്പെടാനില്ല. താഴെത്തട്ടിൽ നിന്ന് വളർന്നുവന്ന നേതാവാണ് അദ്ദേഹം. 10 ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യാദവരുടെയും മുസ്‌ലിംകളുടെയും ശബ്ദമാവാൻ ലാലുവിന് സാധിച്ചു. പലതവണ ലാലുവിനെ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാൽ ഏറ്റവുമൊടുവിൽ 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വരെ ലാലു അതിശക്തമായി തിരിച്ചുവന്നു. ഇത്തവണ ലാലുവിന്റെ പ്രവചനം ഇതാണ്... മോഡിയും നിതിഷും ബിഹാറിൽ നിലംപൊത്തും..

Latest News