ന്യൂദല്‍ഹി- ആഭ്യന്തര സംഘര്‍ഷം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന ലിബിയയിലെ ഇന്ത്യന്‍ പൗരന്മാര്‍ ഉടന്‍ നാട്ടിലേക്കു തിരിക്കണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. ട്രിപളിയിലെ അഞ്ഞൂറോളം ഇന്ത്യക്കാര്‍ക്കാണ് മുന്നറിയിപ്പു നല്‍കിയത്. പൗരന്മാര്‍ക്ക് ലിബിയയിലേക്ക് ഇന്ത്യ യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ലിബിയയില്‍ നിന്ന് വലിയ തോതില്‍ ആളുകളെ ഒഴിപ്പിച്ചിട്ടും യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടും അഞ്ഞൂറിലേറെ ഇന്ത്യക്കാര്‍ ട്രിപളിയിലുണ്ട്. ട്രിപളിയിലെ സ്ഥിതിഗതികള്‍ അതിവേഗം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വിമാന സര്‍വീസുകളുണ്ട്. ദയവു ചെയ്ത് നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കളോടും ട്രിപളിയില്‍ നിന്ന് തിരിച്ചെത്താന്‍ ആവശ്യപ്പെടുക. പിന്നീട് ഇവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നുവരില്ല- സുഷമ ട്വീറ്റ് ചെയ്തു.
ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലുള്ള ലിബിയന്‍ നാഷണല്‍ ആര്‍മി അധികാരം പിടിച്ചെടുക്കാനായി തലസ്ഥാനമായ ട്രിപളി ലക്ഷ്യമിച്ച് ഏപ്രില്‍ നാലു മുതല്‍ പോരാട്ടം ശക്തമാക്കിയതോടെയാണ് സ്ഥിതിഗതികള്‍ വഷളായത്. യുഎന്‍ പിന്തുണയുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ അക്കോര്‍ഡ് (ജി.എന്‍.എ) ആണ് ഇപ്പോള്‍ അധികാരം കയ്യാളുന്നത്. കൂറുമാറിയ സൈനിക നേതാവ് ഹഫ്താറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് ജിഎന്‍എ പറഞ്ഞിട്ടുണ്ട്. ട്രിപളിക്കു വേണ്ട്ിയുള്ള പോരാട്ടത്തില്‍ ചുരുങ്ങിയത് 205 പേര്‍ കൊല്ലപ്പെട്ടതായി ലോകാര്യോഗ സംഘടന പറയുന്നു.
ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫി കൊല്ലപ്പെട്ടതിനു ശേഷം രാജ്യത്ത് ഉടലെടുത്ത ആഭ്യന്തര കലഹം തുടരുകയാണ്. വിവിധ ഗ്രൂപ്പുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആധിപത്യം പിടിച്ചെടുക്കാനായി എട്ടു വര്‍ഷത്തോളമായി പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്.