ദമാം - അൽഹസയിൽ റിയാദ് റോഡിൽ പ്രവർത്തിക്കുന്ന 42 വർക്ക്‌ഷോപ്പുകൾ അൽഹസ നഗരസഭ അടപ്പിച്ചു. പഴയ കാറുകൾ പൊളിച്ച് സ്‌പെയർപാർട്‌സ് ആക്കി വിൽപന നടത്തുന്ന വർക്ക്‌ഷോപ്പുകളാണ് അടപ്പിച്ചത്.
സൽവ റോഡിലെ അൽമതൈവി ഡിസ്ട്രിക്ടിലെ പുതിയ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാത്തതിനാണ് വർക്ക്‌ഷോപ്പുകൾ അടപ്പിച്ചത്. വർക്ക്‌ഷോപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് ഉടമകൾക്ക് നഗരസഭ നേരത്തെ സാവകാശം നൽകിയിരുന്നു. ഇതിനകം മാറ്റിസ്ഥാപിക്കാത്ത സ്ഥാപനങ്ങളാണ് അടപ്പിച്ചതെന്ന് അൽഹസ നഗരസഭ വക്താവ് ഖാലിദ് ബിൻ മുഹമ്മദ് ബൂവശൽ പറഞ്ഞു.
റിയാദ് റോഡിൽ പ്രവർത്തിക്കുന്ന ഇത്തരം വർക്ക്‌ഷോപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന് സൽവ റോഡിലെ അൽമതൈവി ഡിസ്ട്രിക്ടിൽ 5,000 ചതുരശ്രമീറ്റർ മുതൽ 10,000 ചതുരശ്രമീറ്റർ വരെ വിസ്തീർണമുള്ള 132 പ്ലോട്ടുകൾ അൽഹസ നഗരസഭ നീക്കിവെച്ചിട്ടുണ്ട്. ഈ പ്ലോട്ടുകളിൽ വർക്ക്‌ഷോപ്പുകൾ നിർമിക്കുന്നതിന് ഉടമകൾക്ക് നിശ്ചിത സമയം അനുവദിക്കും. വർക്ക്‌ഷോപ്പ് നിർമാണം പൂർത്തിയാക്കുന്ന ഉടമകളുമായി സ്ഥലം വാടകക്ക് നൽകുന്നതിനുള്ള ഔദ്യോഗിക കരാർ നഗരസഭ ഒപ്പുവെക്കുമെന്നും അൽഹസ നഗരസഭ വക്താവ് പറഞ്ഞു.