ഉത്തര്‍ പ്രദേശിലെ രാംപൂര്‍ ജില്ലയിലെ ദര്‍ശന്‍പൂരില്‍ വേനല്‍ അവധിക്കായി പൂട്ടിയ പ്രാഥമിക വിദ്യാലയം വളര്‍ത്തു മൃഗങ്ങളുടെ ഫാമാക്കി മാറ്റി. പ്രധാനധ്യാപകന്റെ മൗനാനുവാദത്തോടെ ഗ്രാമ മുഖ്യയുടെ ഭര്‍ത്താവാണ് സ്‌കൂളിലെ ക്ലാസ് മുറികളും പരിസരവും ഫാമാക്കി മാറ്റിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഉന്നതാധികാരികള്‍ കാര്യമറിയുന്നത്. ഗ്രാമീണരുടെ വളര്‍ത്തു മൃഗങ്ങളെ എല്ലാം സ്‌കൂളില്‍ കെട്ടിയിട്ടിരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റ് പ്രധാനധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനധ്യാപകന്‍ ഫര്‍യാദ് അലി ഖാനും മറ്റൊരു അധ്യാപകനായ പ്രയാഗ് കുമാറും സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് സംഭവത്തെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ രാംപൂര്‍ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ സര്‍വ നന്ദ പറഞ്ഞു. സ്‌കൂള്‍ പരിസരം കയ്യേറ്റക്കാരില്‍ നിന്നും സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'ബ്ലോക് വിദ്യാഭ്യാസ ഓഫീസര്‍ക്കും നോട്ടീസ് കൊടുത്തിട്ടുണ്ട്. സംഭവം വകുപ്പിനാകെ നാണക്കേടായിരിക്കുകയാണ്. ഇത്തരം അനധികൃത നീക്കങ്ങള്‍ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല,' അദ്ദേഹം പറഞ്ഞു.
അതേസമയം സംഭവം ഗ്രാമ മുഖ്യയുടെ ഭര്‍ത്താവ് ചെയ്ത ചതിയാണെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അധ്യാപകന്‍ പ്രയാഗ് കുമാര്‍ പറഞ്ഞു. 'മേയ് 21 ന് വേനല്‍ അവധിക്കായി പൂട്ടിയ സ്‌കൂളിന്റെ താക്കോല്‍ സ്‌കൂളിന്റെ മാനേജിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ ഗ്രാമ മുഖ്യയ്ക്ക് ഞങ്ങള്‍ കൈമാറിയിരുന്നതാണ്. അവര്‍ ഞങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു,' അദ്ദേഹം പറയുന്നു.
സംഭവം പുറത്തറിഞ്ഞതോടെ മറ്റെല്ലാ സ്‌കൂളുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ മജിസ്‌ട്രേറ്റ്. ഏതെങ്കിലും തരത്തിലുള്ള കയ്യേറ്റങ്ങള്‍ കണ്ടെത്തിയാല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ശിവ സഹായ് അവസ്തി മുന്നറിയിപ്പു നല്‍കി.