ന്യൂദല്‍ഹി- മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖർ തിവാരിയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്. സ്വാഭാവിക മരണമല്ലെന്നും തലയിണ ഉപേയാഗിച്ച് ശ്വാസം മുട്ടിച്ചതാകാമെന്നുമാണ് സംശയം. അന്വേഷണം ദല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. അജ്ഞാതര്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റ് ചെയ്തു. മൂന്നു ദിവസം മുമ്പാണ് രോഹിതിനെ മരിച്ച നിലയില്‍ ബന്ധുക്കള്‍ ദല്‍ഹിയിലെ മാക്‌സ് ആശുപത്രിയിലെത്തിച്ചത്. സ്വാഭാവിക മരണമാണെന്ന് നേരത്തെ അമ്മ ഉജ്വല തിവാരി പറഞ്ഞിരുന്നു. കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതോടെ പോലീസ് സംഘം സാകേതിലെ രോഹിതിന്റെ വീട്ടിലെത്തി പരിശോധന നടത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. രോഹിതന്റെ ഭാര്യ അപൂര്‍വ ദല്‍ഹിയിലില്ല. ഫോറന്‍സിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി.
വീട്ടിലെ സിസിടിവി ക്യാമറകളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഏഴ് ക്യാമറകളുണ്ട്. ഇവയില്‍ രണ്ടെണ്ണം പ്രവര്‍ത്തിക്കുന്നില്ല. ദല്‍ഹിയിലെ സന്നമ്പരുടെ മേഖലയായ ഡിഫന്‍സ് കോളനിയിലാണ് രോഹിതിന്റെ വീട്. വോട്ടു ചെയ്യാനായി ഏപ്രില്‍ 12-ന് രോഹിത് ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു. പിന്നീട് ഏപ്രില്‍ 15-ന് രാത്രിയാണ് തിരിച്ചെത്തിയത്. മദ്യലഹരിയില്‍ ചുമരില്‍ പിടിച്ച് വീട്ടിലേക്ക് രോഹിതി കയറി വരുന്നത് സിസിടിവി ക്യാമറയില്‍ കാണുന്നുണ്ടെന്നും പോലീസ് പറഞ്ഞു. തൊട്ടടുത്ത ദിവസം വൈകുന്നേരം അഞ്ചു മണിയോടെയാണ് രോഹിതിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ചത്. രോഹിതിന്റെ മൂക്കില്‍ നിന്ന് രക്തം വരുന്നുണ്ടെന്നും സുഖമില്ലെന്നും അറിയിച്ച് മാക്‌സ് ആശുപത്രിയിലായിരുന്ന അമ്മ ഉജ്വല തിവാരിയെ മറ്റൊരു മകന്‍ സിദ്ധാര്‍ത്ഥ് വിളിക്കുകയായിരുന്നു. ഉടന്‍ ഉജ്വല ആംബുലന്‍സ് വിളിച്ച് വീട്ടിലെത്തി രോഹിതിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ സമയത്ത് സഹോദരന്‍ സിദ്ധാര്‍ത്ഥ്, രോഹിതിന്റെ ഭാര്യ അപൂര്‍വ, വീട്ടു ജോലിക്കാര്‍ എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച രോഹിതിന്റെ ശരീരത്തില്‍ മുറിവേറ്റ് പാടുകളുണ്ടായിരുന്നില്ലെന്നും പോലീസ് അറിയിച്ചു.