ലഖനൗ- 24 വര്‍ഷത്തിനുശേഷം ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തിലെ ബദ്ധവൈരികളായി അറിയപ്പെട്ടിരുന്ന എസ്.പി നേതാവ് മുലായം സിങ് യാദവും ബി.എസ്.പി നേതാവ മായാവതിയും ഒരേ വേദിയില്‍ ഒന്നിച്ചു. ബിജെപിക്കെതിരെ എസ്.പി-ബിഎസ്പി മഹാസഖ്യം രൂപം കൊണ്ടിട്ട് മാസങ്ങളായെങ്കിലും ആദ്യമായാണ് ഇരു നേതാക്കളും ഒന്നിച്ച് വേദിപങ്കിട്ടത്. പരസ്പരം പുകഴ്ത്തിയ ഇരുവരും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ആഞ്ഞടിച്ചു. മുലായം സിങിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിക്കാണ് മായാവതി വെള്ളിയാഴ്ച എത്തിയത്. ഇനിയൊരിക്കലും രാഷ്ട്രീയ സഖ്യമുണ്ടാകില്ലെന്നുറപ്പിച്ച 1993-ലെ രാഷ്ട്രീയ കാലുമാറ്റത്തിനും അടിപിടിക്കും ശേഷം സംഭവിച്ച അപൂര്‍വ്വതയായിരുന്നു ഈ സംഗമം. മുലായം സിങ്ജി പ്രധാനമന്ത്രിയെ പോലെ ഒരു വ്യാജ പിന്നാക്ക നേതാവല്ലെന്ന് മായാവതി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയ കണക്കിലെടുക്കുമ്പോള്‍ ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ഇത്രയും കാലത്തിനിടെ മുലായംജി മാറിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി ഭരണകാലത്ത് ജനങ്ങള്‍ക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് അര്‍ഹതപ്പെട്ടത് ഉറപ്പുവരുത്താന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്-മായാവതി പറഞ്ഞു.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ശത്രുത മാറ്റിവച്ച് മുലായം സിങും മായാവതിയെ പുകഴ്ത്തി. ഇരുവരും ചിരിച്ച് അടുത്തായാണ് ഇരുന്നത്. മായാവതിയുടെ കാല്‍ തൊട്ട് വന്ദിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് മുലായം നിര്‍ദേശിക്കുന്നതും കാണാമായിരുന്നു. മയാവതിജിയെ സ്വാഗതം ചെയ്യുന്നു, എന്നും മായാവതിയോട് ബഹുമാനം മാത്രമെ ഉള്ളൂ- എസ് പി അണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ മുലായം പറഞ്ഞു.
മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയില്‍, അതും എസ്.പിയുടെ വിജയം ഉറപ്പുള്ള ഒരു മണ്ഡലത്തില്‍ ഇരുനേതാക്കളും ഒന്നിച്ചെത്തിയതിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ടെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. യാദവ് കുടുംബത്തിന്റെ ശക്തി കേന്ദ്രമായ മൈന്‍പുരിയിലാണ് മുലായം മത്സരിക്കുന്നത്. ഇവിടെ തെരഞ്ഞെടുപ്പു റാലിയല്‍ മായാവതി കൊണ്ടു വന്ന് പ്രസംഗിപ്പിച്ചതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ കണക്കു കൂട്ടലുകളുണ്ട്. ബിഎസ്പി വോട്ടുകള്‍ കൃത്യമായി എസ്പി പെട്ടിയിലാക്കുക എന്നതാണത്. ഇരു നേതാക്കളുടെയും വേദി പങ്കിടല്‍ മറ്റിടങ്ങളിലും ഈ വോട്ടു കൈമാറ്റം സുഖമമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി പരസ്പര സൗഹൃദ പ്രകടനങ്ങളും മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമാണ്.