മനാമ - വ്യാജ പാക്കിസ്ഥാൻ പാസ്‌പോർട്ടിൽ മുപ്പതു വർഷമായി ബഹ്‌റൈനിൽ കഴിഞ്ഞുവന്ന ഇറാൻ വ്യാപാരിയെ വിചാരണ ചെയ്യുന്നു. അനധികൃത രീതിയിലാണ് 52 കാരനായ ഇറാൻ വ്യാപാരി രാജ്യത്ത് പ്രവേശിച്ചതെന്ന് സുരക്ഷാ വകുപ്പുകൾ കണ്ടെത്തുകയായിരുന്നു. നീതിന്യായ മന്ത്രാലയത്തിന്റെ ചെലവിൽ ഇറാനിക്ക് അഭിഭാഷകനെ ചുമതലപ്പെടുത്തുന്നതിനു വേണ്ടി കേസ് വിചാരണ അടുത്ത മാസം അഞ്ചിലേക്ക് ബഹ്‌റൈൻ ഹൈക്കോടതി നീട്ടിവെച്ചു.
ആരോപണങ്ങൾ പ്രതി കോടതിയിൽ നിഷേധിച്ചു. തന്റെ കുടുംബ വേരുകൾ ഇറാനിലാണെന്നും കുട്ടിക്കാലത്ത് പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട് പാക് പൗരത്വം നേടുകയായിരുന്നെന്നും പ്രതി വാദിച്ചു. പാക്കിസ്ഥാൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് ബഹ്‌റൈനിലെത്തിയത്. മുപ്പതു വർഷമായി പാക്കിസ്ഥാൻ പൗരൻ എന്നോണം ബഹ്‌റൈനിൽ കഴിഞ്ഞുവരികയാണ്. ഇക്കാലയളവിൽ പാക്കിസ്ഥാൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് പതിവായി യാത്രകൾ ചെയ്തിരുന്നത്. പലതവണ ഇറാനിലേക്കും പാക്കിസ്ഥാനിലേക്കും യാത്ര പോയിട്ടുണ്ട്. ആരും ഇതുവരെ തന്നെ അറസ്റ്റ് ചെയ്തിട്ടില്ല. തന്റെ പക്കലുള്ളത് ഒറിജിനൽ പാസ്‌പോർട്ട് ആണ്. ഇറാൻ ഭരണകൂടത്തിന്റെ അനീതികൾ കാരണമാണ് താൻ പാക്കിസ്ഥാനിലേക്ക് ഒളിച്ചോടിയത്. ഒരു വർഷത്തോളം പാക്കിസ്ഥാനിൽ കഴിഞ്ഞ താൻ പാക് പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതിനു ശേഷമാണ് പാക്കിസ്ഥാൻ പൗരത്വത്തിന് ഗവൺമെന്റിന് അപേക്ഷ നൽകിയതെന്നു ഇറാൻ വ്യാപാരി കോടതിയിൽ വാദിച്ചു.
ഇറാൻ വ്യാപാരിയുടെ മൂന്നു മക്കളും നിയമ വിരുദ്ധ മാർഗത്തിൽ പാക്കിസ്ഥാൻ പാസ്‌പോർട്ടുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇവർ നിലവിൽ ബഹ്‌റൈന് പുറത്താണ്. നിയമ വിരുദ്ധമായി പാക്കിസ്ഥാൻ പൗരത്വം നേടിയ ഇറാനികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം റെയ്ഡ് ശക്തമാക്കിയതോടെ മൂവരും ബഹ്‌റൈൻ വിടുകയായിരുന്നു.